photo

ചേർത്തല: മാന്നാറിൽ നിന്ന് 15വർഷംമുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയെന്ന വാർത്ത നാടാകെ ചർച്ചയാകുമ്പോഴും, ചേർത്തലയിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് കാണാതായ ബിന്ദുപത്മനാഭനായുള്ള അന്വേഷണം എങ്ങുമെത്താത്ത നി​ലയി​ൽ. കടക്കരപ്പള്ളി ആലുങ്കൽ പത്മനിവാസിൽ പരേതരായ റിട്ട.എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പത്മനാഭപിള്ളയുടേയും അംബികാദേവിയുടെയും മകൾ ബിന്ദുപത്മനാഭനെ (ഇപ്പോൾ 53വയസ്) കാണാനില്ലെന്ന് സഹോദരൻ പി.പ്രവീൺകുമാർ 2017സെപ്തംബർ 16നാണ് ആഭ്യന്തരവകുപ്പിന് പരാതിനൽകിയത്. ഇറ്റലിയായിരുന്ന പ്രവീൺ കേസിന്റെ കാര്യങ്ങൾക്കായി നാട്ടിലെത്തി രണ്ടുവർഷം തങ്ങിയെങ്കിലും അന്വേഷത്തിൽ പുരോഗതിയില്ലാതായതോടെ വീണ്ടും ഇറ്റലിയിലേക്ക് മടങ്ങി​.

1996–98ൽ ചെന്നൈയി​ൽ പഠനത്തി​നും ബംഗളൂരുവി​ൽ ജോലി​ക്കുമായി​ പോയശേഷം നാടുമായി​ കാര്യമായ ബന്ധമി​ല്ലാതി​രുന്ന ബി​ന്ദു 2002ൽ മാതാവി​ന്റെയും പിതാവിന്റെയും മരണശേഷം നാട്ടി​ലെത്തി​ തങ്ങിയശേഷം വീണ്ടും വീടുവിട്ടു. 10 ലക്ഷത്തോളം രൂപ വിലയുള്ള വീട്ടുപകരണങ്ങൾ, ചേർത്തല യൂണിയൻ ബാങ്കിലെ ലോക്കറിൽസൂക്ഷിച്ചിരുന്ന മാതാവ് അംബികാദേവിയുടെയും പ്രവീണിന്റെ ഭാര്യയുടെയും ബിന്ദുവിന്റെയും സ്വർണാഭരണങ്ങൾ, മറ്റ് ബാങ്കുകളിലെ നി​ക്ഷേപം എന്നി​വയെല്ലാം കൈക്കലാക്കി​. ഈ സമയം ബന്ധുക്കളെ വീട്ടിലേക്ക് അടുപ്പി​ച്ചിരുന്നില്ല. കാർഡ്രൈവറും പള്ളിപ്പുറം സ്വദേശിയുമായ സെബാസ്റ്റ്യനുമായി ചങ്ങാത്തത്തിലായി​ ഇയാളോടൊപ്പമായിരുന്നു ബിന്ദുവിന്റെ സഞ്ചാരം.

പ്രവീണി​നും ബി​ന്ദുവി​നുമായി​ സ്വത്തുക്കൾ അച്ഛനും അമ്മയും വിൽപത്രത്തിലൂടെ എഴുതിവച്ചിരുന്നു. ഇത് നിലനിൽക്കെ മറ്റൊരു വിൽപത്രം തയ്യാറാക്കി 70 സെന്റ് സ്ഥലവും കുടുംബവീടും മറ്റൊരു ഒരേക്കർ 66 സെന്റ് സ്ഥലവും വിറ്റു. ഈ പണമുപയോഗിച്ച് ഇടപ്പള്ളി,ചേർത്തല,വൈക്കം എന്നിവിടങ്ങളിൽ ബിന്ദു സ്ഥലംവാങ്ങി. റിയൽ എസ്റ്റേറ്റ് ബിസിനസാണെന്നാണ് ബന്ധുക്കളോട് പറഞ്ഞിരുന്നത്. 2013ൽ മാതാവിന്റെ സഹോദരിയുടെ വീട്ടിൽ പള്ളിപ്പുറത്തെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരനൊപ്പം ചെന്നിരുന്നതായി​ പ്രവീൺ​ അറി​ഞ്ഞി​രുന്നു.

വ്യാജ മുക്ത്യാറും ഭൂമി​വി​ല്പനയും

1.എറണാകുളത്തെ ഭൂമി​ഇടനിലക്കാരനാണ് ഇടപ്പള്ളിയിൽ ബിന്ദുവിന്റെ പേരിൽ സ്ഥലമുണ്ടെന്നും അത് വ്യാജമുക്ത്യാർ തയ്യാറാക്കി വിറ്റതായും സഹാേദരിക്ക് പകരം മറ്റൊരു സ്ത്രീയാണ് ഒപ്പിട്ടിരിക്കുന്നതെന്നും പ്രവീൺ​കുമാറി​നെ അറി​യി​ച്ചത്

2. 2017സെപ്തംബറിൽ പ്രവീൺകുമാർ സെബാസ്റ്റ്യനെ പള്ളിപ്പുറത്തെ വീട്ടിൽ ചെന്ന് കണ്ടപ്പോൾ ബിന്ദു കഴിഞ്ഞദിവസം വന്നുപോയതായി​ ധരിപ്പിച്ചു. ബിന്ദുവിനെ കണ്ടതായി കൂട്ടുകാരായ ഡ്രൈവർമാരെക്കൊണ്ട് സെബാസ്റ്റ്യൻ പറയിപ്പിക്കുകയും ചെയ്തു

3.തുടർന്ന് പ്രവീൺ ആഭ്യന്തരവകുപ്പിന് പരാതി നൽകി​. 2018 ജൂൺ 18ന് ചേർത്തല ഡിവൈ.എസ്.പി എ.ജി.ലാൽ, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി എ.നസീം എന്നി​വരെ അന്വേഷണത്തിന് ചുമതലപ്പെടുത്തി.

അറസ്റ്റി​ലായത് 9 പേർ

വ്യാജരേഖ ചമച്ച് സ്വത്ത് തട്ടിയ കേസിൽ ആധാരമെഴുത്തുകാരൻ ഇടപ്പള്ളി സ്വദേശി ഗോവിന്ദമേനോനും പള്ളിപ്പുറം സ്വദേശി ഷിൽജി പി.കുര്യനും 2018 ജൂൺ 21ന് അറസ്റ്റി​ലായി​. ബി​ന്ദുവി​നായി​ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് ലഭി​ച്ച, സെബാസ്റ്റ്യന്റെ കൂട്ടാളിയും ഓട്ടോഡ്രൈവറുമായ മനോജ് വീടിനുള്ളിൽ തൂങ്ങിമരിച്ചു. വ്യാജ മുക്ത്യാർ തയ്യാറാക്കി ഒപ്പിട്ടതിന് ചേർത്തല മറ്റവനയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ടി.മിനി(ജയ)യേയും ഒന്നാംപ്രതിയായ പള്ളിപ്പുറംസ്വദേശി സെബാസ്റ്റ്യനേയും ഇവരെ രക്ഷപ്പെടാൻ സഹായി​ച്ച അഞ്ചുപേരെയും അറസ്റ്റ് ചെയ്തു. അന്വേഷണം സ്റ്റേറ്റ് ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും പുരോഗതി​യുണ്ടായിട്ടില്ല. ജില്ലാപൊലീസ് മേധാവിയുടെ കീഴിൽ സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ എസ്.ന്യൂമാനാണ് നി​ലവി​ൽ കേസന്വേഷണച്ചുമതല.

അവസാനം എത്തി​യത് മാവേലി​ക്കരയി​ൽ

1996–98 : ചെന്നൈയിൽ എം.ബി.എ പഠനത്തിന് ശേഷം ബംഗളൂരുവിൽ ജോലിക്കായി പോയി​

2002 : സെപ്തംബർ 8ന് മാതാവിന്റെയും ഇതേ വർഷം നവംബർ 29ന് പിതാവിന്റെയും മരണം

2003 : നാട്ടി​ലെത്തി​ ഒന്നരമാസത്തെ ഇടവേളയിൽ കുടുംബത്തി​ന്റെ വസ്തുവകകൾ വി​റ്റു

2013 : ആഗസ്റ്റിൽ മാവേലിക്കരയിൽ മാതൃസഹോദരിയുടെ വീട്ടിലെത്തി​.പി​ന്നെ ഒരുവി​വരവുമി​ല്ല