ആലപ്പുഴ: കൃഷി നിലച്ച കരളകം പാടശേഖരത്തിലെ മോട്ടോർതറയിലെ പെട്ടിയും പറയും നീക്കി വെള്ളക്കെട്ടിന് പരിഹാരം കാരണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധി ആർ.ഡി.ഒയ്ക്ക് പരാതി നൽകി. രണ്ട് വർഷങ്ങളായി പാടശേഖരത്തിലെ കൃഷി മുടങ്ങിക്കിടക്കുകയാണ്. മഴ ശക്തമാകുന്നതോടെ കരളകം, കൊറ്റംകുളങ്ങര, പുന്നമട വാർഡുകളിൽ വെള്ളക്കെട്ട് രൂക്ഷമാകും. ഒഴുക്കില്ലാത്തതിനാൽ കരളകം തോട്ടിൽ പോള തിങ്ങി നിറഞ്ഞു കിടക്കുകയാണ്. പെട്ടിയും പറയും നീക്കം ചെയ്താൽ മാത്രമേ പോള വേമ്പനാട്ട് കായലിലേക്ക് ഒഴുകുകയുള്ളൂ. ഒന്നര വർഷം മുമ്പ് ജെ.സി.ബി ഉപയോഗിച്ച് ആഴം കൂട്ടിയിരുന്നതിനാൽ അടിയൊഴുക്കുണ്ടെന്നും, മുകൾ ഭാഗത്തെ ഒഴുക്ക് സുഗമമാക്കുന്നതിന് നടപടിയാണ് ആവശ്യമെന്നും വാർഡ് കൗൺസിലർ അമ്പിളി അരവിന്ദ് പറഞ്ഞു. മഴ രൂക്ഷമാകുന്ന നാളുകളിൽ പ്രദേശത്തെ മുന്നൂറിലധികം കുടുംബളാണ് വെള്ളക്കെട്ടിലാകുന്നത്. വാർഡ് പ്രതിനിധി നൽകിയ പരാതിയിന്മേൽ കഴിഞ്ഞ ദിവസം ഹിയറിങ്ങിന് വിളിപ്പിച്ചിരുന്നു.
മോട്ടോർപുരയ്ക്ക് വേണ്ടി തോടിന്റെ അടിത്തട്ട് മണൽചാക്കുകൾ ഉപയോഗിച്ച് ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം മഴ കനത്ത സമയത്ത് തോട്ടാത്തോട് പാലം നിർമ്മാണത്തിനായി നിർമ്മിച്ച താൽക്കാലിക ബണ്ട് ജനങ്ങൾ മുൻകൈയെടുത്ത് പൊളിച്ചു മാറ്റിയാണ് വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരം കണ്ടത്.
കൃഷി പുനരാരംഭിക്കണം
കരളകം പാടത്തെ കൃഷി പുനരാരംഭിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം
ഇതിനായി പുതിയ പാടശേഖരസമിതി രൂപീകരിക്കേണ്ടതുണ്ട്
കൃഷി നടത്താൻ തുടങ്ങിയാൽ വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക് പരിഹാരമാകും
കൃഷി തുടങ്ങിയാൽ മോട്ടോർ പുരയും പ്രവർത്തനക്ഷമമാകും
നഗരസഭയുമായി ആലോചിച്ച് കരളകം പാടത്ത് കൃഷി പുനരാരംഭിക്കാനുള്ള ആലോചനയിലാണ്. നിലവിൽ വേമ്പനാട് കായലിലേക്ക് ഒഴുക്ക് തടസ്സപ്പെടുത്തുന്ന പെട്ടിയും പറയും നീക്കം ചെയ്തു തരണമെന്നാവശ്യപ്പെട്ടാണ് ആർ.ഡി.ഒയ്ക്ക് പരാതി നൽകിയത്
- അമ്പിളി അരവിന്ദ്, വാർഡ് കൗൺസിലർ, കരളകം വാർഡ്