ആലപ്പുഴ : കലയുടെ തിരോധാനവുമായി ബന്ധപ്പെട്ട് മാന്നാർ സ്റ്റേഷനിൽ അനിൽ പരാതി നൽകിയതായ സൂചനകളൊന്നും ലഭ്യമായിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ വ്യക്തമാക്കി. കലയുടെ വീട്ടുകാരെയും നാട്ടുകാരെയും കബളിപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു, പരാതി നൽകിയെന്ന പ്രചാരണം നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

20 വയസ് പ്രായമുണ്ടായിരുന്ന കലയെ കാണാതായെന്ന പരാതിയിൽ വീട്ടുകാരെയോ അയൽവാസികളെയോ കൂട്ടുകാരികളെയോ ബന്ധപ്പെട്ട് പൊലീസ് വിവരങ്ങൾ ശേഖരിക്കുമെന്നിരിക്കെ അങ്ങനെയുണ്ടാകാതിരുന്നത് പരാതി ലഭിക്കാത്തതിനാലാണെന്നാണ് ഇപ്പോൾ നാട്ടുകാരും കരുതുന്നത്. അനിൽ വിദേശത്തായിരുന്ന സമയത്താണ് കലയെ നാട്ടിൽ നിന്ന് കാണാതായത്. ഇതിന് മുമ്പ് സഹോദരനും ഓട്ടോ ഡ്രൈവറുമായ കവികുമാറിന്റെ വീട്ടിലെത്തിയ കല നാത്തൂൻ ശോഭനകുമാരിയോടും അച്ഛനോടും താൻ നാട് വിട്ടുപോകുകയാണെന്ന് പറഞ്ഞിരുന്നു. അതിനുശേഷം കലയെപ്പറ്റി പിന്നീട് വീട്ടുകാർക്കോ നാട്ടുകാർക്കോ യാതൊരു സൂചനയുമുണ്ടായിരുന്നില്ല. ഊമ ക്കത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസങ്ങളിൽ പൊലീസെത്തി അന്വേഷണം നടത്തുമ്പോഴാണ് കലയുടെ തിരോധാനം നാട്ടിൽ ചർച്ചയായത്. വീട്ടിലെത്തി പറഞ്ഞിട്ട് നാടുവിട്ടുപോയതിനാലും കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നതിനാലും പിന്നീട് കലയെപ്പറ്റി അന്വേഷിക്കാൻ വീട്ടുകാരും തയ്യാറായിരുന്നില്ല.