ആലപ്പുഴ : ജില്ലാകോടതി പാലത്തിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം നഷ്ടമാകുന്നവരെ ഇ.എം.എസ് സ്റ്റേഡിയത്തിലെ കടമുറികളിലേക്ക് പുനരധിവാസിപ്പിക്കാമെന്ന നഗരസഭാകൗൺസിൽ തീരുമാനം വ്യാപാരികൾ തള്ളിയതോടെ കാര്യങ്ങൾ പ്രതിസന്ധിയിലായി. സ്ഥലം ഒഴിപ്പിക്കലിനെതിരെ 16 വ്യാപാരികൾ ഹൈക്കോടതിയിൽ നൽകിയ

ഹർജി 15ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് സമവായമെന്ന നിലയിൽ നഗരസഭാ

പുനരധിവാസ പദ്ധതി മുന്നോട്ടുവച്ചത്. ഒഴിപ്പിക്കലും കടമുറി പൊളിക്കലും താത്ക്കാലം നിർത്തി വയ്ക്കാൻ കോടതി നിർദേശിച്ചിരിക്കുകയാണ്. വഴിച്ചേരിയിൽ പുനരധിവാസമൊരുക്കാനാണ്

നഗരസഭ ആദ്യം ആലോചിച്ചത്. എന്നാൽ,​ പിന്നീട് അത് ഇ.എം.എസ് സ്റ്റേഡിയത്തിലേക്ക് മാറ്റാൻ കൗൺസിൽ തീരുമാനിക്കുകയായിരുന്നു.

കച്ചവടം നടക്കില്ലെന്ന് വ്യാപാരികൾ

1. നഗരസഭ പലതവണ ലേലം നടത്തിയിട്ടും സ്റ്റേഡിയത്തിലെ കടമുറിയെടുക്കാൻ ആരും തയ്യാറായില്ല. കച്ചവട സാദ്ധ്യത ഇല്ലാത്തതാണ് കാരണം. നിലവിലുള്ളവർക്ക് പോലും കാര്യമായ

കച്ചവടമില്ല. വാടകപോലും നൽകാൻ കഴിയാത്ത സാഹചര്യത്തിൽ പലരും കട ഉപേക്ഷിക്കാൻ ഒരുങ്ങുന്നുവെന്നാണ് കോടതിയെ സമീപിച്ച വ്യാപാരികൾ പറയുന്നത്.

2. പുനരധിവാസത്തിന്റെ പേരിൽ കേസ് ഒഴിവാക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്ന് വ്യാപാരികൾ ആരോപിക്കുന്നു. നഗരസഭ മുൻ കൈയെടുത്ത് നഗരചത്വരത്തിൽ പുനരധിവാസം ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്. അതേസമയം,​ പരാതിക്കാരെയും കെ.ആർ.എഫ്.ബിയെയും ഉൾപ്പെടുത്തി കളക്ടറുടെ സാന്നിദ്ധ്യത്തിൽ യോഗം വിളിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്

പാലത്തിന്റെ ടെണ്ടർ ഉറച്ചു

ജില്ലാകോടതി പാലത്തിന്റെ നിർമ്മാണത്തിന് എറണാകുളത്തെ ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനി ടെണ്ടർ ഉറപ്പിച്ചു. നാല് കമ്പനികൾ ടെണ്ടർ നൽകിയിരുന്നെങ്കിലും

കുറഞ്ഞ നിരക്കിലുള്ളത് കിഫ്ബിയും അംഗീകരിച്ചു. നിലവിലെ പാലത്തിന്റെ ഇരുകരകളിലും നാൽക്കവലകളോടെ പൊതുമരാമത്ത് വകുപ്പാണ് രൂപരേഖ തയ്യാറാക്കിയത്. വാടക്കനാലിന്റെ വടക്കേക്കരയിൽ എസ്.ഡി.വി ഗ്രൗണ്ടിന് സമീപത്ത് നിന്നും, തെക്കേകരയിൽ ഐശ്വര്യ ഓഡിറ്റോറിയത്തിന് മുന്നിൽ നിന്നും മേൽപ്പാലവും അടിപ്പാതയും ആരംഭിച്ച് പൊലീസ് കൺട്രോൾ റൂമിന് സമീപം അവസാനിക്കുന്നതാണ് രൂപരേഖ.

കിഫ്ബി അനുവദിച്ചത്:

₹ 120.52 കോടി

...............................................................................................................................................................

ഇ.എം.എസ് സ്റ്റേഡിയത്തിലേക്കുള്ള പുനരധിവാസത്തെ അംഗീകരിക്കില്ല. നഗര ചത്വരത്തിലെ ഹാളിൽ മുറികൾ തിരിച്ച് താത്ക്കാലികമായി പുനരധിവസിപ്പിക്കുകയും നിർമ്മാണം പൂർത്തിയാകുമ്പോൾ നിലവിലെ ഭാഗങ്ങളിൽ കടമുറി അനുവദിക്കുകയും വേണം

- വ്യാപാരികൾ