hj

ദേശീയപാത പുനർ നിർമ്മാണം വാഹനങ്ങളെ പൂർണ്ണമായും ഒഴിവാക്കി

അരൂർ: ഉയരപ്പാത നിർമ്മാണം നടക്കുന്ന അരൂർ - തുറവൂർ ദേശീയപാതയുടെ പുനർനിർമ്മാണം വാഹനങ്ങളെ പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് ആരംഭിച്ചു. പ്രാദേശിക ഗതാഗതം പൂർണ്ണമായും തടയാതെ നിർമ്മാണം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും, പ്രായോഗികമാകില്ലെന്ന് മനസ്സിലാക്കിയ നിർമ്മാണ കമ്പനി വടക്കുനിന്നുള്ള വാഹനങ്ങളെ അരൂർക്ഷേത്രം ജംഗ്ഷനിൽ തടഞ്ഞ് അരൂക്കുറ്റി - പാണാവള്ളി റോഡിലൂടെ തിരിച്ചുവിട്ടു. ഇരുചക്രവാഹനങ്ങൾ കടത്തിവിടുന്നുണ്ട്. യാത്രയ്ക്ക് ഓട്ടോറിക്ഷ പോലും അനുവദിക്കാത്തത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.

എരമല്ലൂർ പിള്ളമുക്ക് മുതൽ മൂന്നര മീറ്റർ വീതിയിൽ തെക്കോട്ട് റോഡ് പുനർ നിർമ്മിച്ചു തുടങ്ങി. ഡ്രൈ ലീൻ കോൺക്രീറ്റ് (ഡി.എൽ.സി) ഉപയോഗിച്ചാണ് പുനർനിർമ്മാണം. 48 മണിക്കൂർ കൊണ്ട് സെറ്റാകുന്ന കോമ്പൗണ്ടാണിത്. കോൺക്രീറ്റ് ചെയ്തു കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ വാഹനങ്ങൾ അതിനുമുകളിലൂടെ പോകുവാൻ അനുവദിക്കാത്തത് കൊണ്ടാണ് പൂർണമായും ഗതാഗതം തടഞ്ഞതെന്ന് അധികൃതർ പറഞ്ഞു. അരൂർ മുതൽ തുറവൂർ വരെയുള്ള ഒൻപത് സ്‌കൂളുകൾക്ക് അധികൃതർ അവധി പ്രഖ്യാപിച്ചത് സൗകര്യമായി. ഇനി മുതൽ നിലവിൽ നിർമ്മിച്ചിരിക്കുന്ന വീതി കുറഞ്ഞ റോഡിലൂടെ ഒറ്റവരിയായി വാഹനങ്ങൾ സഞ്ചരിക്കേണ്ടിവരും. ഒരു വലിയ വാഹനത്തിനും, ടൂവീലറിനും ഒരുമിച്ച് സഞ്ചരിക്കാം. അരൂർ മുതൽ തുറവൂർ വരെ ഒരു നിരയായി വേഗത കുറച്ച് വാഹനങ്ങൾ കടന്നുപോകാനാണ് തീരുമാനം.