ആലപ്പുഴ: പൂച്ചാക്കൽ സ്വദേശിയും എറണാകുളം ജില്ലാ പോലീസ്' സിവിൽ പോലീസ് ഓഫീസറുമായ സന്തോഷിനെ കൊലപ്പെടുത്തിയ കേസ്സിലെ പ്രതിയായ പാണാവള്ളി പഞ്ചായത്ത് 17-ാം വാർഡിൽ പള്ളിവെളി വീട്ടിൽ ജോഷി വർഗീസിനെ (38) അഞ്ച് വർഷം കഠിന തടവിനും അമ്പതിനായിരം രൂപ പിഴയടക്കാനും ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഭാരതിയാണ് ശിക്ഷിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡീ.ഗവ.പ്ലീഡർ അഡ്വ.എസ്.എ.ശ്രീമോൻ, അഡ്വ.ദീപ്തി, അഡ്വ.നാരായണൻ അശോക് എന്നിവർ ഹാജരായി.
പുച്ചാക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2021 ജനുവരി പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. പൊലീസുകാരനായ സന്തോഷും,ജോഷിയും, മറ്റൊരു സുഹൃത്തായ തങ്കച്ചനും ചേർന്ന് ജോഷിയുടെ വീടിന് പിൻവശത്തെ ഷെഡ്ഡിൽ മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാവുകയും തുടർന്ന് ജോഷി സന്തോഷിനെ ചില്ല് ഗ്ലാസ് കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. പരിക്കേറ്റ സന്തോഷ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ, 2021 ഏപ്രിൽ 24ന് മരിച്ചു. കേസിൽ ഏകദൃക്സാക്ഷിയായിരുന്ന തങ്കച്ചൻ കൂറുമാറിയിരുന്നു. കോടതിയിൽ മൊഴി നൽകി നാലാം ദിവസം തങ്കച്ചൻ ഹൃദയാഘാതം മൂലം മരണപ്പെട്ടതായി അഡ്വ.എസ്.എ.ശ്രീമോൻ പറഞ്ഞു.