k

ആലപ്പുഴ: സെപ്ടിക് ടാങ്കിൽ 15 വർഷം മുമ്പ് മറവുചെയ്ത കലയുടെ മൃതദേഹമോ അതിന്റെ അവശിഷ്ടങ്ങളോ അവിടെനിന്നു മാറ്റിയതായി പൊലീസ് സംശയിക്കുന്നു. 'ദൃശ്യം" സിനിമ പിറക്കുന്നതിനു നാലു വർഷം മുമ്പാണ് മാന്നാ‌ർ സംഭവം നടന്നത്. എന്നാൽ, അതിനുമുമ്പോ അതിനുശേഷമോ ദൃശ്യം മോഡൽ പ്രയോഗിച്ചിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ അനുമാനിക്കുന്നത്. മൃതദേഹത്തിന്റെ കാര്യമായ അവശിഷ്ടങ്ങൾ സെപ്ടിങ്ക് ടാങ്കിൽ നിന്ന് ലഭിക്കാത്തതിനാലാണ് ഇങ്ങനെയൊരു നിഗമനത്തിലേക്ക് എത്തിയത്. മാന്നാർ കല കൊലക്കേസിലെ ഒന്നാം പ്രതിയും ഭർത്താവുമായ അനിലിനെ പിടികൂടിയാൽ മാത്രമേ ഇതിൽ വ്യക്തത വരുത്താനാകൂ.

മൃതദേഹം ഒളിപ്പിച്ചെന്ന് സംശയിക്കുന്ന അനിലിന്റെ വീട്ടിലെ സെപ്ടിക് ടാങ്ക് 15 വർഷത്തിനിടെ രണ്ടുതവണ വൃത്തിയാക്കിയതായി കസ്റ്റഡിയിലുള്ള പ്രതികളിൽനിന്ന് സൂചന ലഭിച്ചിരുന്നു. ടാങ്കിലെ അവശിഷ്ടങ്ങൾ എവിടെയാണ് മറവു ചെയ്തതെന്ന് കണ്ടെത്തുകയാണ് ഇനിയുള്ള വെല്ലുവിളി. മറവു ചെയ്ത സ്ഥലവും അതിന് സഹായിച്ചവരെയും അറിയാൻ അനിലിന്റെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും.

മൃതദേഹം കണ്ടെത്താനാകാത്ത വിധം അതിവിദഗ്ദ്ധമായി ഇല്ലായ്മ ചെയ്തതിൽ നിന്നു സംഭവത്തിൽ വൻ ആസൂത്രണവും കൂടുതൽ പേരുടെ പങ്കുമുണ്ടാകാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.

ചെങ്ങന്നൂർ ഡിവൈ.എസ്.പി കെ.എൻ. രാജേഷിന്റെ നേതൃത്വത്തിലുള്ള 21അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ആറ്റിൽ ഉപേക്ഷിക്കാൻ ആലോചിച്ചു

കാർയാത്രയ്ക്കിടെ വലിയപെരുമ്പുഴ പാലത്തിൽ വച്ച് കൊലപ്പെടുത്തിയ കലയുടെ മൃതദേഹം അച്ചൻകോവിലാറ്റിൽ തള്ളാനായിരുന്നു അനിലും സംഘവും ആദ്യം ആലോചിച്ചത്. മൃതദേഹം പൊന്തിയാലുണ്ടാകുന്ന ഭവിഷ്യത്ത് മുന്നിൽക്കണ്ടാണ് ശ്രമം ഉപേക്ഷിച്ചത്. തുടർന്നാണ് സെപ്ടിക് ടാങ്കിൽ ഒളിപ്പിച്ചതെന്നാണ് കസ്റ്റഡിയിലുള്ളവരുടെ മൊഴി.

അസ്ഥികളും പല്ലും എവിടെ?

കലയെ കൊന്നുതള്ളിയ സെപ്ടിക് ടാങ്കിൽനിന്ന് തുടയെല്ലോ കൈകാലുകളുടെ അസ്ഥികളോ തലയോട്ടിയോ ലഭിച്ചിട്ടില്ല. ഏറ്റവുംനീളമുള്ള അസ്ഥികളാണ് കൈകാലുകളിലേത്. പല്ല് ഏറെനാൾ കഴിഞ്ഞാലും കേടുകൂടാതെ കിടക്കും. അതൊന്നും കണ്ടെത്താത്ത സ്ഥിതിക്ക് മൃതദേഹം അപ്പാടെ അവിടെനിന്ന് മാറ്റിയിരിക്കാനാണ് സാദ്ധ്യതയെന്ന് റിട്ട. പൊലീസ് സർജൻ ഡോ.എൻ.എ.ബാലറാം പറഞ്ഞു.

വീട്ടുകാരെ പ്രതിയാക്കണം

അനിലിന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ മൃതദേഹം ഒളിപ്പിക്കാനും മാറ്റാനും വീട്ടുകാരുടെ അറിവില്ലാതെ സാദ്ധ്യമല്ലെന്നാണ് കലയുടെ ബന്ധുക്കളുടെ വാദം. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രതിചേ‌ർക്കണമെന്നും ആവശ്യപ്പെട്ട് കലയുടെ സഹോദരൻ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി.