ആലപ്പുഴ: സമ്പൂർണ്ണ ഇ-സ്റ്റാമ്പിംഗ് സംസ്ഥാനമായി മാറുകയെന്ന ലക്ഷ്യത്തിന് തിരിച്ചടിയായി
നടപടികളുടെ മെല്ലപ്പോക്ക്. സർക്കാരിന്റെ കൈവശമുള്ള വിലകൂടിയ മുദ്രപ്പത്രങ്ങൾ പ്രതീക്ഷിച്ച വേഗതയിൽ ചെലവാകാത്തതും ഇ-സ്റ്റാമ്പിംഗിന്റെ പ്രിന്റിംഗ് ചാർജ് സംബന്ധിച്ച് വെണ്ടർമാരുടെ സംഘടനകളുമായി ധാരണയിലെത്താൻ കഴിയാത്തതുമാണ് തടസമായി നിൽക്കുന്നത്.
അരക്കോടിയോളം രൂപയുടെ മുദ്രപത്രങ്ങൾ സർക്കാരിൽ ശേഷിക്കുന്നുണ്ടെന്നാണ് കണക്ക്. ത്രിതല പഞ്ചായത്ത്, ബാങ്ക് ഇടപാട്, സപ്ളെകോ, മത്സ്യഫഡ് ഉൾപ്പെടെയുള്ള ഏജൻസികളിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ കുറഞ്ഞ വിലയിലുള്ള മുദ്രപത്രങ്ങൾ ആവശ്യമാണ്. എന്നാൽ 50,100,200 രൂപയുടെ പത്രങ്ങൾ കിട്ടാനുമില്ല. വസ്‌തു രജിസ്ട്രേഷനുകൾ അടുത്തകാലത്തായി കുറഞ്ഞതും മുദ്രപ്പത്രങ്ങൾ വിറ്റഴിക്കുന്നതിനെ ബാധിച്ചിട്ടുണ്ട്.
ഇ- സ്റ്റാമ്പിലേയ്ക്ക് മാറിയാലും വെണ്ടർമാരെ ബാധിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ജില്ലയിലെ 20 സബ് രജിസ്ട്രാർ ഓഫീസുകളിലെ 100 അംഗീകൃത വെണ്ടർമാരും 720 ആധാരം എഴുത്ത് ലൈസൻസികളും അനുബന്ധ തൊഴിലെടുക്കുന്നവരും ആശങ്കയിലാണ്. ഇത് പരിഹരിക്കാനുള്ള ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
ഇ-സ്റ്റാമ്പിംഗ് നടപ്പാക്കുന്നതിൽ മെല്ലപ്പോക്ക്
1. 2025 ഓടെ സമ്പൂർണ്ണ ഇ - സ്റ്റാമ്പിംഗ് സംസ്ഥാനമായി മാറുകയാണ് ലക്ഷ്യം. ഒരുലക്ഷം രൂപയ്ക്ക് മുകളിലുള്ള രജിസ്ട്രേഷനുകൾക്ക് ഇപ്പോൾ തന്നെ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്
2. സർക്കാരിന് നോൺ -ജുഡീഷ്യൽ സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കുന്നതിനുള്ള ഡിജിറ്റലും സുരക്ഷിതവുമായ മാർഗ്ഗമാണ് ഇ-സ്റ്റാമ്പിംഗ്. അയൽ സംസ്ഥാനങ്ങളായ കർണ്ണാടകയും തമിഴ്നാടും ഉൾപ്പടെ ഇതിനകം ഇ-സ്റ്റാമ്പിംഗ് നടപ്പാക്കി
3. തുകയുടെ വ്യത്യാസമില്ലാതെ ഒരുപത്രത്തിൽ ലഭിക്കുമെന്നതാണ് പ്രത്യേകത. നാഷണൽ ഇൻഫോമാറ്റിക്സ് സെന്ററിനാണ് സാങ്കേതിക ചുമതല. നിലവിൽ ശേഷിക്കുന്ന മുദ്രപത്രങ്ങൾ രജിസ്ട്രേഷൻ ഇത ഇടപാടുകൾക്ക് ഉപയോഗിക്കാനാകും
സർട്ടിഫിക്കറ്റ് മിനിറ്റുകൾക്കുള്ളിൽ
ഇ-സ്റ്റാമ്പ് സർട്ടിഫിക്കറ്റ് മിനിറ്റുകൾക്കുള്ളിൽ ലഭ്യമാക്കാം
ഇ-സ്റ്റാമ്പ് സർട്ടിഫിക്കറ്റ് ടാംപർ പ്രൂഫ് ആണ്
ആധികാരികത അന്വേഷണ മൊഡ്യൂൾ വഴി ആർക്കും പരിശോധിക്കാം
സർട്ടിഫിക്കറ്റിന് ഒരു യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ ഉണ്ടാകും
പ്രത്യേക മൂല്യം ആവശ്യമില്ല
ഇ- സ്റ്റാമ്പിംഗ് സംവിധാനത്തിന്റെ കാര്യത്തിൽ വ്യക്തതവേണം. സാങ്കേതിക തടസങ്ങൾ കാരണം ആധാരങ്ങൾ കൃത്യമായി രജിസ്റ്റർ ചെയ്യാൻ കഴിയാത്തത് ആശങ്കപ്പെടുത്തുന്നു
-എം.പി.മധുസൂദനൻ, ജില്ലാ സെക്രട്ടറി, ആധാരമെഴുത്ത് അസോ.