ആലപ്പുഴ : തീരദേശ റൂട്ടിൽ നിർത്തലാക്കിയ സ്റ്റേ ബസ് സർവീസ് കെ.എസ്.ആർ.ടി.സി പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആലപ്പുഴയിൽ നിന്ന് രാത്രി 9നും 9.30നു യഥാക്രമം തൃക്കുന്നപ്പുഴ, വലിയഴീക്കൽ എന്നിവടങ്ങളിലേക്ക് ഉണ്ടായിരുനന് സർവീസാണ് കൊവിഡിന് ശേഷം കളക്ഷൻ കുറവിന്റെ പേരിൽ നിർത്തലാക്കിയത്. വൈകിട്ട് 7ന് ശേഷം തോട്ടപ്പള്ളി-വലിയഴീക്കൽ റൂട്ടിൽ ബസ് സർവീസ് ഇല്ലാത്തത് വൈകുന്നേരം എത്തുന്ന സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ള യാത്രക്കാർ ബുദ്ധിമുട്ടുകയാണ് ഇപ്പോൾ.
ചെയിൻ സവീസും വെട്ടിക്കുറച്ചു
വലിയഴീക്കൽ പാലം പൂർത്തിയായതോടെ കരുനാഗപ്പള്ളിയിൽ നിന്ന് ആറും ഹരിപ്പാട് ഡിപ്പോയിൽ നിന്ന് നാലും ബസുകൾ ഉൾപ്പെടുത്തി ചെയിൻ സർവീസ് ആരംഭിച്ചിരുന്നു. 30മിനിട്ട് ഇടവിട്ടാണ് കരുനാഗപ്പള്ളിയിൽ നിന്നും തോട്ടപ്പള്ളിയിൽ നിന്നും സർവീസ് നടത്തിയിരുന്നത്. 10,000 മുതൽ 15,000രൂപ വരെ ഓരോ ബസിനും കളക്ഷൻ ലഭിച്ചിരുന്നു.
എന്നാൽ, ഇപ്പോൾ രണ്ട് ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. കിലോമീറ്ററിന് 28രൂപ കളക്ഷൻ ലഭിക്കാത്തതു കൊണ്ടാണ് സർവീസ് നിർത്തലാക്കാനുള്ള തീരുമാനമെന്നാണ് കെ.എസ്.ആർ.ടി.സി വ്യക്തമാക്കുന്നത്. ചെയിൻ സർവീസ് ആരംഭിച്ചതോടെ തോട്ടപ്പള്ളി - വലിയഴീക്കൽ റൂട്ടിൽ സർവീസ് നടത്തിയിരുന്ന സ്വകാര്യ ബസുകൾക്ക് കളക്ഷൻ കുറഞ്ഞിരുന്നു.
സ്വകാര്യ ബസുടമകളെ സഹായിക്കുന്ന നിലപാടാണ് കെ.എസ്.ആർ.ടി.സിയും മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്വീകരിക്കുന്നത്. തീരദേശപാതയിലെ ചെയിൻ സർവീസ് വെട്ടികുറക്കുകയും സ്റ്റേ ബസ് സർവീസ് നിർത്തലാക്കുകയും ചെയ്തതിൽ സമഗ്രമായ അന്വേഷണം നടത്തണം
- മോഹനൻ, തൃക്കുന്നപ്പുഴ