ചേർത്തല : ചേർത്തല വയലാർ ഗ്രാമപഞ്ചായത്ത് പത്താം വാർഡിൽ കോഴിവെളി വീട്ടിൽ ഗോപിനാഥൻ എവിടെപ്പോയി എന്ന ചോദ്യത്തിന് വീട്ടുകാരും കളവംകോടം ഗ്രാമവും ഉത്തരംതേടാൻ തുടങ്ങിയിട്ട് 7 വർഷമായി.
2017 ജൂലായ് 15 മുതലാണ് 49കാരനായിരുന്ന ഗോപിനാഥനെ അപ്രതീക്ഷിതമായി കാണാതായത്.പലയിടത്തും വീട്ടുകാരും പിന്നീട് ചേർത്തല പൊലീസും അന്വേഷിച്ചിട്ടും ഒരു വിവരവും ലഭിച്ചിട്ടില്ല.തുടർന്ന് 2022ൽ കോടതി ഉത്തരവിനെ തുടർന്ന് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിച്ചിട്ടും ഗോപിനാഥന്റെ വിവരങ്ങളൊന്നും ലഭിച്ചില്ല.
ഗോപിനാഥന്റെ തിരോധാനത്തിൽ പലസംശയങ്ങളും അച്ഛൻ വാസുദേവൻ ഉയർത്തിയിരുന്നു. വാസുദേവൻ തന്നെയാണ് ഹൈക്കോടതിയെ സമീപിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു വഴിതെളിച്ചത്.കഴിഞ്ഞ വർഷം വാസുദേവൻ മരിച്ചു.
കാണാതായത് 9000 രൂപ കിട്ടിയ ദിവസം
കാണാതാകുമ്പോൾ ഭാര്യ രാധാമണിക്കൊപ്പമായിരുന്നു ഗോപിനാഥൻ താമസിച്ചിരുന്നത്. ഇവർക്കു കുട്ടികളില്ലായിരുന്നു. 2017 ജൂലായ് 18ന് രാധാമണിയുടെ മൊഴിയിലാണ് പൊലീസ് കേസെടുത്തത്. കാണാതാകുന്ന ദിവസം കയർസംഘത്തിൽ നിന്നും 9000 രൂപാ കിട്ടിയിരുന്നതായാണ് മൊഴി. രണ്ടുദിവസം കഴിയുമ്പോൾ വരുമെന്നു കണക്കാക്കിയെങ്കിലും വരാതെയിരുന്നതോടെയാണ് പൊലീസിനെ സമീപിച്ചതെന്നും മൊഴിയിൽ പറഞ്ഞിരുന്നു.