hhj

ഹരിപ്പാട് : കുഴികൾ നിറഞ്ഞതോടെ കായംകുളം - ഡാണാപ്പടി റോഡിൽ യാത്ര അപകടകരമായി. കുഴികളിൽ മഴവെള്ളം നിറഞ്ഞ് കിടക്കുന്നതിനാൽ യാത്രക്കാർ അറിയാതെ ഇതിൽ അകപ്പെടും. ഇരു ചക്രവാഹന യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നവരിൽ ഏറെയും.

ചില കുഴികൾ കോൺക്രീറ്റ് മിശ്രിതമിട്ട് അടച്ചെങ്കിലും മഴകാരണം ദിവസങ്ങൾക്കുളളിൽ തന്നെ ഇത് ഒലിച്ചുപോയി. മുതുകുളം കല്ലുംമൂട്ടിൽ കെ.വി.സംസ്‌കൃത ഹയർസെക്കൻഡറി സ്‌കൂളിന് മുന്നിൽ രണ്ട് കുഴികളുണ്ട്. ചപ്പാത്തിനോട് ചേർന്നും വടക്കുവശത്തെ കടകളുടെ മുന്നിലായുമാണ് കുഴി. കടകളുടെ മുന്നിലുളള കുഴിയിൽ സ്ഥിരമായി അപകടമുണ്ടായപ്പോൾ നാട്ടുകാരിത് മൂടിയിരുന്നു. ഇപ്പോഴിവിടെ വീണ്ടും കുഴിയായി മാറി. മുതുകുളം ഹൈസ്‌കൂൾ ജംഗ്ഷൻ, കല്ലുംമൂട് ഭാഗത്തുളള കുഴികൾ മുതുകുളം ഹയർസെക്കൻഡറി സ്‌കൂളിലെയും സംസ്‌കൃത ഹയർസെക്കൻഡറി സ്‌കൂളിലെയും കോളേജുകളികളിലെയും വിദ്യാർഥികൾ ഉൾപ്പെടെയുളളവരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ചെറിയ മഴപെയ്താൽ പോലും കാർത്തികപ്പളളി ജംഗ്ഷനിൽ വെള്ളക്കെട്ട് രൂപപ്പെടും.

റീടാറിംഗ് വൈകുന്നു

1.കാർത്തികപ്പളളി മുതൽ ചൂളത്തെരുവ് മുക്കുവരെയും മാമൂടിനു തെക്കു മുതൽ കായംകുളം വരെയുമുളള ഭാഗങ്ങൾ മൂന്ന് ഘട്ടമായി റീ ടാറിംഗ് നടത്തി

2.ഇനി മാമൂടിന് തെക്ക് മുതൽ ചൂളത്തെരുവ് ജംഗ്ഷൻ വരെയും കാർത്തികപ്പളളി ജംഗ്ഷൻ മുതൽ ഡാണാപ്പടി വരെയുമാണ് ടാറിംഗ് നടത്തേണ്ടത്

3.വെട്ടത്തുമുക്ക്, ഹൈസ്‌കൂൾ മുക്ക്, കല്ലുംമൂട്, ഉമ്മർമുക്കിന് വടക്ക്, കാർത്തികപ്പളളി ജംഗ്ഷൻ, കാർത്തികപ്പള്ളി എസ്.ബി.ടി,അനന്തപുരം, ഡാണാപ്പടി ചന്ത ഭാഗങ്ങളിലെല്ലാം കുഴികൾ രൂപപ്പെട്ടു

16 കി.മീ. : റോഡിന്റെ നീളം

ചിങ്ങോലി വില്ലേജ് ഓഫീസിന്റെ മുന്നിൽ കായംകുളം റോഡ് തുടങ്ങുന്ന ഭാഗത്താണ് വെളളക്കെട്ട് രൂപപ്പെടുന്നത്. ഇവിടെ അടുത്തിടെ സൗന്ദര്യവത്കരണ പ്രവൃത്തികൾ നടത്തിയിരുന്നു. എന്നിട്ടും വെളളം ഒഴുകിപ്പോകാൻ മതിയായ സൗകര്യമൊരുക്കിയില്ല

- നാട്ടുകാർ