ഹരിപ്പാട്: റോട്ടറി ക്ലബ് ഒഫ് ഹരിപ്പാടിന്റെ 36-ാമത് പ്രസിഡന്റായി ബീനാ ജയപ്രകാശ് 7 ന് വൈകിട്ട് നടക്കുന്ന ചടങ്ങിൽ സ്ഥാനമേൽക്കും. 35 വർഷത്തെ സാമൂഹിക സേവനത്തിന്റെ പാരമ്പര്യമുള്ള ഹരിപ്പാട് റോട്ടറി ക്ലബ് പ്രദേശത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്.തുടർന്നുവരുന്ന പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നതോടൊപ്പം, റോട്ടറി ഡിസ്ട്രിക്ട് 3211 ന്റെ ഈ വർഷത്തെ പദ്ധതിയായ "ഉയരെ" യിൽ പ്രത്യേക ഊന്നൽ നൽകി ആയിരിക്കും വർഷത്തെ ക്ലബിന്റെ പ്രവർത്തനങ്ങളെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിദ്യാർത്ഥികൾക്കും തൊഴിൽരഹിതരായ യുവാക്കൾക്കും ഉപജീവനമാർഗം സുരക്ഷിതമാക്കാൻ ആവശ്യമായ വൈദഗ്‌ധ്യം നൽകി അവരെ ശാക്തീകരിക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്ക് കീഴിൽ പാലിയേറ്റീവ് കേയറിലും ബേസിക് ലൈഫ് സപ്പോർട്ട് ടെക്‌നിക്‌സും പരിശീലനം നൽകുന്നതിനായി ഹരിപ്പാട് റോട്ടറി ക്ലബ്, കസ്‌തൂർബ പാരാമെഡിക്കൽ സ്‌കിൽ സെന്ററുമായി ധാരണപത്രം ഇതിനകം കൈമാറിയിട്ടുണ്ട്. സ്ഥാനാരോഹണ ചടങ്ങിൽ റോട്ടറി ക്ലബ് ഓഫ് ഹരിപ്പാട്, അരവിന്ദ് എൻജിനിയറിംഗ് വർക്കുമായി വെൽഡിംഗിലും ഫിറ്റിംഗിലും പരിശീലനം നൽകുന്നതിനും, ജോഷി ജേൻ അസോസിയേറ്റ്സ് ചാർട്ടേഡ് അക്കൗണ്ടൻസ് സ്ഥാപനവുമായി ജി. എസ്. ടി യിലും അക്കൗണ്ടിംഗിലും പരിശീലനം നൽകുന്നതിനും, കോസ് ക്വാൻഡ്രന്റ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡുമായി ലാൻഡ് സർവേയിലും ഓട്ടോകാഡിലും പരിശീലനം നൽകുന്നതിനും ധാരണ കൈമാറും.
വാർത്താസമ്മേളനത്തിൽ നിയുക്ത പ്രസിഡന്റ് ബീന ജയപ്രകാശ്, നിയുക്ത സെക്രട്ടറി സൂസൻ കോശി, നിയുക്ത ട്രഷറർ ജി. അരുൺനാഥ്, ക്ലബ് അഡ്വൈസർ പ്രൊഫ. സി. എം ലോഹിതൻ, പ്രൊജക്റ്റ് ഡയറക്ടർ പ്രൊഫ.ഡോ.ശബരിനാഥ്, അസിസ്റ്റന്റ് ഗവർണർ റെജി ജോൺ, പി.ആർ.ഒ അയ്യപ്പൻ കൈപ്പള്ളിൽ എന്നിവർ പങ്കെടുത്തു.