ഹരിപ്പാട് : ആർ ശങ്കരനാരായണൻ തമ്പി ഫൗണ്ടേഷൻ പ്രതിഭാ സംഗമവും ചെങ്ങളത്ത് രാമകൃഷ്ണപിള്ള പുരസ്കാര സമർപ്പണവും 7 ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 7 ന് ഉച്ചയ്ക്ക് 2 ന് ഭവാനി മന്ദിർ ഓഡിറ്റോറിയത്തിൽ പ്രതിഭാ സംഗമം മന്ത്രി ജെ.ചിഞ്ചു റാണി ഉദ്ഘാടനം ചെയ്യും. ചെങ്ങളത്ത് രാമകൃഷ്ണപിള്ളയുടെ സ്മരണാർത്ഥം ചെങ്ങളത്ത് കുടുംബക്കൂട്ടായ്മയും ആർ. ശങ്കര നാരായണൻ തമ്പി ഫൗണ്ടേഷനും ചേർന്ന് ഏർപ്പെടുത്തിയിരിക്കുന്ന 25000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം, ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജന് സമ്മാനിക്കും. ഹരിപ്പാട് നിയോജകമണ്ഡലത്തിലെയും വിയപുരം പഞ്ചായത്തിലെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും 100% വിജയം നേടിയ സ്കൂളുകളെയും ചടങ്ങിൽ ആദരിക്കും.ഫൗണ്ടേഷൻ ചെയർമാൻ ഡി. അനീഷ് അദ്ധ്യക്ഷനാകും. ടി.ജെ.ആഞ്ചലോസ് എം. പി അനുമോദനം നടത്തും. മുൻ എം.പി ടി.ജെ.അഞ്ചലോസ്, കെ.പി.എ.സി സെക്രട്ടറി എ.ഷാജഹാൻ, കെ.എം.ചന്ദ്രശർമ്മ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. വാർത്താ സമ്മേളനത്തിൽ ഫൗണ്ടേഷൻ ചെയർമാൻ ഡി.അനീഷ്, കൺവീനർ യു .ദിലീപ്, ജില്ലാ പഞ്ചായത്ത് അംഗം എ.ശോഭ, ജോമോൻ കുളഞ്ഞി കൊമ്പിൽ,വി.എം.പ്രമോദ് എന്നിവർ പങ്കെടുത്തു.