ആലപ്പുഴ : അമൃത് ഭാരത് പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തി നവീകരണം നടക്കുന്നതിനാൽ, ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ പ്രധാന കവാടത്തിലെ പ്രവേശനം നിരോധിച്ച് വടക്ക് ഭാഗത്തൊരുക്കിയ താത്കാലികസൗകര്യം യാത്രക്കാർക്ക് കെണിയാകുന്നു. കയറാനും ഇറങ്ങാനുമുള്ള പടികൾക്ക് ഉയരക്കൂടുതലായതിനാൽ ഇവിടെ വീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നുണ്ട്.

രാത്രിയിൽ പ്രദേശം ഇരുട്ടിലാകുന്നതോടെ ഏറെ പ്രയാസപ്പെട്ടാണ് പടിക്കെട്ടുകൾ കയറുന്നതെന്ന് സ്ഥിരം യാത്രക്കാർ പറയുന്നു. കഴിഞ്ഞ ദിവസം ഒരു ഗർഭിണിക്ക് വീണ് പരിക്കേറ്റിരുന്നു. പ്ലാറ്റ്ഫോമിലെ വെളിച്ചം പടികളുടെ ഭാഗത്തേക്ക് ലഭിക്കാറില്ല. നിലവിൽ പടികൾ ഉള്ള ഭാഗം വീതികുറഞ്ഞ റോഡിനോട് ചേർന്നാണ്. ഓട്ടോറിക്ഷകളും സ്വകാര്യ ബസ്സുകൾ ഓടുന്ന വഴിയുമാണിത്. ട്രെയിൻ ലഭിക്കാനായി ധൃതിയിൽ ഓടിപ്പിടിച്ചെത്തുന്നവർ ഇവിടെ വാഹനങ്ങൾക്ക് മുന്നിൽപ്പെടുന്നതും പതിവാണ്. വീതികുറഞ്ഞ വഴിയിലേക്ക് ആളുകൾ കയറുകയും ഇറങ്ങുകയും ചെയ്യുന്നതിനാൽ രാവിലെയും വൈകുന്നേരങ്ങളിലും ട്രാഫിക് തടസവും രൂക്ഷമാണ്.

സ്റ്റേഷൻ കവാടം മുന്നിലേക്ക് നീങ്ങും

 മുഖ്യകവാടത്തിലെ മേൽക്കൂരയുടെ ഭാഗമാണ് നിലവിൽ പൊളിച്ചുകൊണ്ടിരിക്കുന്നത്

 ഇതിനൊപ്പം പ്രീ പെയ്ഡ് ടാക്സി കൗണ്ടറിന്റെ നിർമ്മാണവും നടക്കുന്നുണ്ട്

പ്രധാന വാതിൽ വഴിയുള്ള പ്രവേശനം നിരോധിച്ചതോടെ ടിക്കറ്റ് കൗണ്ടറും വടക്ക് ഭാഗത്തേക്ക് മാറ്റി

 നവീകരണം പൂർത്തിയാകുന്നതോടെ സ്റ്റേഷൻ കവാടം നിലവിലെ ഭാഗത്ത് നിന്ന് മുന്നിലേക്ക് നീങ്ങും.

പദ്ധതി ചെലവ് : 8കോടി

പണികൾ വേഗത്തിൽ നടക്കുന്നുണ്ട്. നിലവിൽ യാത്രക്കാർക്ക് പ്രവേശനവും, പുറത്തേക്കുള്ള വഴിയും നിശ്ചയിച്ചിരിക്കുന്ന ഭാഗത്ത് രാത്രി വെളിച്ചസൗകര്യമില്ല. ധാരാളം പേർക്ക് വീണ് പരിക്കേറ്റു. ഇതിന് പരിഹാരമുണ്ടാകണം

-ഓട്ടോറിക്ഷാ ഡ്രൈവർമാർ