മാന്നാർ : മാന്നാർ ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡന്റായിരുന്ന സുനിൽ ശ്രദ്ധേയത്തെ അയോഗ്യനാക്കിയതിനെ തുടർന്ന് ഒഴിവു വന്ന കുട്ടമ്പേരൂർ പതിനൊന്നാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും. ചൊവ്വാഴ്ച മുതൽ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
പതിനൊന്നാം വാർഡായ കുട്ടംപേരൂരിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച സുനിൽ ശ്രദ്ധേയം പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ച് എൽ.ഡി.എഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി സുജിത് ശ്രീരംഗം നടത്തിയ നിയമ പോരാട്ടത്തിലാണ് സുനിൽ ശ്രദ്ധേയത്തെ ഹൈക്കോടതി അയോഗ്യനാക്കിയത്. ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപനം എത്തിയതോടെ സ്ഥാനാർഥികൾക്കായി രാഷ്ട്രീയ കക്ഷികൾ തിരക്കിട്ട ചർച്ചയിലാണ്.
മത്സരം കടുക്കും
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആത്മ വിശ്വാസവുമായി യു.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ നഷ്ടപ്പെട്ട ഒരംഗത്തെ തിരികെ എത്തിക്കാനുള്ള കടുത്ത പോരാട്ടത്തിനാണ് എൽ.ഡി.എഫ് തയ്യാറെടുക്കുന്നത്. ശക്തരായ സ്ഥാനാർത്ഥികളെ ഇറക്കാനാണ് ഇരുപക്ഷത്തിന്റെയും ശ്രമം. പഞ്ചായത്തിലെ അംഗബലം കൂട്ടാൻ ബി.ജെ.പിയും കിണഞ്ഞ് പരിശ്രമിക്കും. 11 വരെയാണ് നാമ നിർദേശ പത്രികാ സമർപ്പണം. സൂക്ഷ്മ പരിശോധന 12 ന് നടക്കും. 15 വരെ പിൻവലിക്കാം. ജൂലായ് 31നാണ് വോട്ടെണ്ണൽ.
നിലവിലെ കക്ഷിനില
യു.ഡി.എഫ് : 8
എൽ.ഡി.എഫ്:8
ബി.ജെ.പി :1