അമ്പലപ്പുഴ : പൊളിച്ചിട്ട തകഴി -പടഹാരം റോഡിന്റെ പുനർനിർമ്മാണം വൈകുന്നതിനാൽ യാത്രക്കാർ തീരുദുരിതത്തിൽ. മഴപെയ്തതോടെ ചെളിക്കുണ്ടായ റോഡിലൂടെ ഒരടി മുന്നോട്ട് നീങ്ങാൻ കഴിയാത്ത അവസ്ഥയാണ്. അത്യാവശ്യഘട്ടങ്ങളിൽ ആംബുലൻസുകൾക്ക് പോലും വരാൻ പറ്റില്ല.
5മാസം മുമ്പാണ് പുനർനിർമ്മിക്കാനായി റോഡ് പൊളിച്ചത്. മഴ ശക്തമായതോടെ റോഡാകെ മഴവെള്ളവും ചെളിയും നിറഞ്ഞു. മുട്ടുവരെ ചെളിയിൽ പൂണ്ടു പോകുന്ന അവസ്ഥയിലാണ് റോഡ്.
പടഹാരം പാലത്തിന് കിഴക്ക് ഭാഗത്തു കൂടിയാണ് നാട്ടുകാർ പ്രധാന റോഡിലേക്ക് കയറുന്നത്. അത്യാസന്നനിലയിലായ ഒരാളെ ആശുപത്രിയിലെത്തിക്കാൻ ഓട്ടോറിക്ഷ പോലും ഇതിലൂടെ വരില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഗ്യാസ്, കുടിവെള്ളം തുടങ്ങിയവ കൊണ്ടുവരുന്ന വാഹനങ്ങൾ ഇതുവഴി വരാത്തതിനാൽ വീട്ടമ്മമാരും ദുരിതത്തിലാണ്. നേരത്തെ പടഹാരത്തു നിന്ന് 5മിനിട്ട് കൊണ്ട് വാഹനത്തിൽ തകഴിയിലെത്താമായിരുന്നു. ഇപ്പോൾ റോഡ് തകർന്നു കിടക്കുന്നതിനാൽ മണിക്കൂറുകളെടുത്താണ് നാട്ടുകാർ യാത്ര ചെയ്യുന്നത്. മഴ ശക്തി പ്രാപിച്ചതോടെ ഓരോദിവസം കഴിയും തോറും റോഡ് തകർന്നു കൊണ്ടിരിക്കുകയാണ്.
വൈദ്യുതിലൈനിൽ തീരുമാനം
വരും മുമ്പേ റോഡ് പൊളിച്ചു
1.പുനർ നിർമ്മിക്കുമ്പോൾ റോഡ് ഉയരുന്നതിനാൽ വൈദ്യുതിലൈനുകൾ മാറ്റിസ്ഥാപിക്കാൻ കെ.എസ്.ഇ.ബി എസ്റ്റിമേറ്റ് തയ്യാറാക്കാത്തതാണ് ഇപ്പോഴത്തെ തടസം
2.കെ.എസ്.ഇ.ബി എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് മുമ്പ്തന്നെ റോഡ് പൊളിച്ചതാണ് നാട്ടുകാരെ യാത്രാദുരിതത്തിലാക്കിയത്
3.കരുവാറ്റ -കുപ്പപ്പുറം റോഡിനെ ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ സ്കൂൾ വിദ്യാർത്ഥികളടക്കം നൂറു കണക്കിന് പേരാണ് ദിവസവും യാത്ര ചെയ്യുന്നത്
4.റോഡ് നിർമ്മാണത്തിനായി ഇറക്കിയിട്ട മെറ്റൽക്കൂനകളിൽ കാട് പിടിച്ചു തുടങ്ങി. എന്നിട്ടും അധികൃതർക്ക് കുലുക്കമില്ല
3കി.മി. : റോഡിന്റെ ദൈർഘ്യം
വിദ്യാർത്ഥികളെ സ്കൂളിലേക്ക് അയയ്ക്കാൻ മാർഗമില്ല. ആംബുലൻസുകളോ, ഓട്ടോറിക്ഷയോ ഇതുവഴി വരാത്തതിനാൽ കിടപ്പുരോഗികൾ ഉള്ള വീട്ടുകാരും ആശങ്കയിലാണ്. നടപടി വൈകിയാൽ ജനങ്ങളെ സംഘടിപ്പിച്ച് സമരം വ്യാപിപ്പിക്കും
- കരുമാടി മോഹനൻ, പൊതുപ്രവർത്തകൻ