a

ആലപ്പുഴ: അച്ഛനും അമ്മയും ഏക മകനും പട്ടാളം. ഇവരുടെ വീടിന്റെ പേര് ആർമി ഹൗസ്! സംസ്ഥാനപാത 40ൽ മുഹമ്മ മുട്ടത്തിപ്പറമ്പിലെ പട്ടാള വീടിന് വേറെയും വിശേഷമുണ്ട്. മുറ്റത്തെ കിണറിന് വലിയ പീരങ്കി രൂപം.

റിട്ട.കേണലും വൈക്കം സ്വദേശിയുമായ കെ.ബി.ജയ്‌രാജ്, ആർമി സ്കൂളിലെ റിട്ട.അദ്ധ്യാപിക ചാന്ദിനി, മേജർ ജിക്കി ജയ്‌രാജ് എന്നിവരാണ് വീട്ടിലെ ആർമിക്കാർ. ചാന്ദ്നിയുടെ കുടുംബവീടായ 'പ്രശാന്ത് ' പൊളിച്ചുപണിതാണ് ആർമി ഹൗസാക്കിയത്.

ജയ്‌രാജിന്റെ പിതാവ് പരേതനായ ഭാസ്ക്കരൻപിള്ള രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ സേവനം അനുഷ്ഠിച്ചിരുന്നു. കഴക്കൂട്ടം സൈനിക സ്കൂൾ, നാഷണൽ ഡിഫൻസ് അക്കാഡമി, ഇന്ത്യൻ മിലിട്ടറി അക്കാഡമി എന്നിവിടങ്ങളിലെ പഠനശേഷമാണ് ജയ്‌രാജ് പട്ടാളത്തിൽ ഓഫീസറായിച്ചേർന്നത്. 37വർഷ സേവനം പൂർത്തിയാക്കി കേണൽ പദവിയിൽ വിരമിച്ചു.

ജയ്‌രാജിനൊപ്പം വിവിധ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ചാന്ദിനി ഭർത്താവിന് കാശ്മീരിൽ പോസ്റ്റിംഗ് ലഭിച്ചപ്പോൾ നാട്ടിലെത്തി ബി.എഡ് ചെയ്തു. മകൻ ജനിച്ച ശേഷം 2000ൽ ഡൽഹിയിൽ ആർമി സ്കൂളിൽ അദ്ധ്യാപികയായി ചേർന്നു. ഗുജറാത്ത് ആർമി പ്രീ പ്രൈമറി സ്കൂൾ പ്രിൻസിപ്പലായിരുന്നു. രണ്ട് തവണ ആർമി ബെസ്റ്റ് ടീച്ചർ പുരസ്കാരവും ലഭിച്ചു.

2015ലാണ് ജിക്കി ആർമിയിലെ ഇലക്ട്രോണിക് ആൻഡ് മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗത്തിൽ ലെഫ്റ്റനന്റായി പ്രവേശിച്ചത്. ജിക്കിയുടെ ഭാര്യ ഹിമാചൽ സ്വദേശി സ്വാതി വർമ്മ തോംസൺ റോയിറ്റേഴ്സ് കോർപ്പറേഷനിൽ ബിസിനസ് ജേർണലിസ്റ്റാണ്. ചാന്ദിനിയുടെ അമ്മചെമ്പകവല്ലി അമ്മയും (റിട്ട പി.ഡബ്ല്യു.ഡി) ആർമി ഹൗസിലാണ് താമസം.

യുദ്ധ ഓർമ്മയ്ക്ക് പീരങ്കി

കാർഗിൽ യുദ്ധത്തിലുൾപ്പെടെ കേണൽ ജയ്‌രാജ് പങ്കെടുത്തു. ഏറെക്കാലം യുദ്ധമുഖത്തായിരുന്ന ഓർമ്മ നിലനിറുത്താനാണ് വീട്ടുമുറ്റത്തെ കിണർ പീരങ്കി രൂപത്തിൽ പണിയിച്ചത്. വിശ്രമജീവിതം സജീവമാക്കാൻ ഡ്രീം എസ്ക്കേപ്സ് എന്ന പേരിൽ അടുത്തിടെ ട്രാവൽ ഏജൻസിയും തുറന്നു.