ആലപ്പുഴ : കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന മോഷണക്കേസ് പ്രതി വിഷ്ണു ഉല്ലാസ് വ്യാഴാഴ്ച രാത്രി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് പൊലീസുകാരെ വെട്ടിച്ച് രക്ഷപ്പെട്ടത് തന്റെ ഫുൾസ്ളീവ് ഷർട്ടിനടിയിൽ വിലങ്ങൊളിപ്പിച്ചശേഷമെന്ന് വ്യക്തമായി. ഇരുകൈയ്യിലും വിലങ്ങുവച്ചാണ് വിഷ്ണുവിനെ തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലെത്തിച്ചതെങ്കിലും ടോയ്ലറ്റിൽ പോകുന്നതിനായി പൊലീസുകാർ വലതുകൈയിലെ വിലങ്ങഴിച്ച് ഇടതുകൈയ്യിൽ മാത്രമായി അണിയിച്ചിരുന്നു.
ടോയ്ലറ്റിലെ ജനാലവഴി പുറത്തേക്ക് ചാടിയ വിഷ്ണു ഫുൾക്കൈ ഷർട്ടാണ് ധരിച്ചിരുന്നത്. ഷർട്ടിന്റെ മടക്കിവച്ചിരുന്ന കൈകൾ നിവർത്തി വിലങ്ങ് മറച്ചുവച്ചശേഷം റെയിൽവേ സ്റ്റേഷന് മുന്നിലെ സ്വകാര്യ ബസ് സ്റ്റാന്റിൽ നിന്ന് കിഴക്കോട്ടുള്ള റോഡിലൂടെ ഒാടി രക്ഷപ്പെടുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ രാമങ്കരി കോടതിയിൽ ഹാജരാക്കാനാണ് തലേ ദിവസം രാത്രിതന്നെ വിഷ്ണുവിനെ പൊലീസ് ആലപ്പുഴയിലെത്തിച്ചത്. ആലപ്പുഴ ജില്ലാ ജയിലിൽ വിഷ്ണുവിനെ താമസിപ്പിച്ചശേഷം വെള്ളിയാഴ്ച രാവിലെ രാമങ്കരിയിലെത്തിക്കാനായിരുന്നു പദ്ധതി. വിഷ്ണുവിന്റെ രക്ഷപ്പെടൽ ആസൂത്രിതമാകാനാണ് സാദ്ധ്യതയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. സി.സി ടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം തുടങ്ങി. ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. വിഷ്ണുവിനെയും കൊണ്ടുവന്ന പൊലീസുകാർക്കെതിരെ നടപടിയ്ക്ക് ശുപാർശചെയ്ത് ജില്ലാ പൊലീസ് മേധാവി റേഞ്ച് ഐ.ജിയ്ക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.