അമ്പലപ്പുഴ: പഞ്ചായത്തംഗത്തെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദ് ചെയ്തു. എസ്.ഡി.പി.ഐ പുന്നപ്ര തെക്ക് പഞ്ചായത്ത് 12-ാം വാർഡ് അംഗം സുൽഫിക്കറിനെ പഞ്ചായത്തധികൃതർ അയോഗ്യനാക്കിയ നടപടിയാണ് കോടതി റദ്ദാക്കിയത്. ആലപ്പുഴയിലെ ബി.ജെ.പി നേതാവിന്റെ കൊലപാതകവുമായി ബന്ധപെട്ട് പ്രതി ചേർക്കപ്പെട്ട സുൽഫിക്കർ ഇടക്ക് റിമാൻഡിലായിരുന്നു. ഈ കാലയളവിൽ പഞ്ചായത്ത് യോഗങ്ങളിൽ പങ്കെടുക്കാനായില്ല. തുടർച്ചയായി പഞ്ചായത്ത് ഭരണസമിതി യോഗങ്ങളിൽ പങ്കെടുത്തില്ലെന്ന കാരണത്താലാണ് അധികൃതർ അയോഗ്യനാക്കിയത്. അതേ സമയം റിമാൻഡ് കാലയളവിലെ മൂന്നു മാസം അവധി അപേക്ഷ സുൽഫിക്കർ പഞ്ചായത്തധികൃതർക്ക് നൽകിയിരുന്നു. എന്നാൽ ഇതു പരിഗണിക്കുകയോ മറുപടി നൽകുകയോ ചെയാതിരുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി സുൽഫിക്കറിന് അനുകൂലമായി വിധിച്ചത്.