ചാരുംമൂട് : നൂറനാട് ലെപ്രസി സാനട്ടോറിയം ആശുപത്രിയെ ഗവ.സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്താൻ സർക്കാർ തീരുമാനിച്ചതായി എം.എസ്. അരുൺകുമാർ എം.എൽ.എ അറിയിച്ചു. നിയമസഭയിൽ എം.എൽ.എയുടെ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി വീണാ ജോർജ് ഇക്കാര്യം അറിയിച്ചത്.
ലെപ്രസി സാനട്ടോറിയത്തിലെ സാദ്ധ്യതകൾ മുൻനിർത്തി ആശുപത്രിയെ മെഡിക്കൽ കോളേജായോ സ്പെഷ്യാലിറ്റി ആശുപത്രിയായോ ദേശീയ-അന്തർദേശീയ നിവാരത്തിലുള്ളതും ആരോഗ്യ ചികിത്സാരംഗത്തെ പഠനത്തിനുൾപ്പെടെ പ്രധാന്യമുള്ളതുമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ടായോ ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രിക്ക് എം.എൽ.എ നേരത്തേ കത്ത് നൽകിയിരുന്നു. നിലവിൽ 23 കോടിയിലധികം രൂപ ചെലവഴിച്ചുള്ള പുതിയ കെട്ടിടം പൂർത്തീകരിച്ചിട്ടുണ്ട്. കിടക്കകൾ, ഓക്സിജൻ പ്ലാന്റ് തുടങ്ങിയവും സജ്ജീകരിച്ചു. ഉടൻ കെട്ടിടോദ്ഘാടനം നടത്താനാവുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു. ഇപ്പോൾ അന്തേവാസികളുടെ എണ്ണം നൂറിൽതാഴെ മാത്രമാണ്. ഇവിടുത്തെ പുതിയകെട്ടിടത്തിൽ ഗവ.അംഗീകൃത നഴ്സിംഗ് കോളേജും പ്രവർത്തിക്കുന്നുണ്ട്.
സാനട്ടോറിയം സ്ഥാപിച്ചത് 1934ൽ
1.കുഷ്ഠരോഗ നിർമ്മാർജനത്തിന്റെ ഭാഗമായി 1934ലാണ് താമരക്കുളം പഞ്ചായത്തിലെ 136 ഏക്കറോളം സ്ഥലത്ത് സാനട്ടോറിയം സ്ഥാപിച്ചത്
2.ഇതിൽ നിന്നാണ് ഇപ്പോൾ 50 ഏക്കർ ഇന്തോ ടിബറ്റൻ ബോർഡർ പൊലീസിന്റെ ക്യാമ്പിനായി പാട്ടത്തിന് നൽകിയിട്ടുള്ളത്
3.കായംകുളം -പുനലൂർ പാതയോരത്തായി സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ കുഷ്ഠരോഗ ചികിത്സയ്ക്കൊപ്പം നാട്ടുകാർക്കായി ജനറൽ ഒപി, ഐ.പി എന്നിവയും പ്രവർത്തിക്കുന്നു
4. ത്വക്ക് രോഗ ചികിത്സാ വിദഗ്ദ്ധരുൾപ്പെടെ വിവിധ ചികിത്സാ വിഭാഗങ്ങളിലായി സൂപ്രണ്ടുൾപ്പെടെ 7 ഡോക്ടർമാരുടെ സേവനമാണ് ഇപ്പോഴുള്ളത്
500
ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിൽ നിന്നായി പ്രതിദിനം 500ലധികം പേർ ഒ.പിയിൽ ചികിത്സ തേടുന്നുണ്ട്
സാനട്ടോറിയത്തെ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുക എന്ന ഏറെ നാളുകളായുള്ള സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെട്ടത്
- എം.എസ്.അരുൺകുമാർ എം.എൽ.എ