ചേർത്തല: കനത്ത കാലവർഷത്തിലും കാത്തുവളർത്തിയ വെണ്ടക്കൃഷിക്ക് നൂറുമേനി.
കെ.കെ.കുമാരൻ പാലിയേറ്റീവ് ചെയർമാൻ എസ്.രാധാകൃഷ്ണൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കർഷക അവാർഡ് ജേതാവ് കഞ്ഞിക്കുഴി പുത്തൻ വെളിയിൽ രേഷ്മസുമേഷും കുടുംബവും ഒന്നര ഏക്കർ സ്ഥലത്ത് നടത്തിയ കൃഷിയുടെ വിളവെടുപ്പുത്സവത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാകാർത്തികേയൻ, വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ്‌കുമാർ, ജില്ലാ പഞ്ചായത്തംഗം വി.ഉത്തമൻ, കൃഷി ഓഫീസർ റോസ്മി ജോർജ്ജ്, കർമ്മസേന കൺവീനർ ജി.ഉദയപ്പൻ,അയൽക്കൂട്ടം ഭാരവാഹികളായ സി.സത്യൻ,പി.പി.രാജു,വേണുഗോപാൽ എന്നിവർ സംസാരിച്ചു.
വെള്ളക്കെട്ടിനെ തോടുവെട്ടി
മറികടന്നു
മേയ് ആദ്യവാരമാണ് കൃഷി ആരംഭിച്ചത്. കാലം തെറ്റിയെത്തിയ മഴ കൃഷിയെ കാര്യമായി ബാധിച്ചു. കൃഷിത്തോട്ടത്തിൽ രൂപംകൊണ്ട വെള്ളക്കെട്ട് തോടുവെട്ടിയാണ് പരിഹരിച്ചത്. വെല്ലുവിളികളെ അതിജീവിച്ച് മികച്ച വിളവാണ് നേടിയത്. വെണ്ടയ്ക്കു പുറമേ തക്കാളി, മുളക്, പടവലം, പാവലം എന്നിവയും വിളവെടുക്കാൻ പാകമായിട്ടുണ്ട്. പരമ്പരാഗത കർഷകനായ
അച്ഛൻ ഹരിദാസും അമ്മ സുമയും ഭർത്താവ് സുമേഷും കൃഷികാര്യങ്ങൾക്ക് രേഷ്മയോടൊപ്പമുണ്ട്. നല്ല വിലയിൽ പ്രാദേശിക വിപണിയിൽ തന്നെ ഉത്പ്പന്നങ്ങൾ വിൽക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കർഷക കുടുംബം.