ആലപ്പുഴ: ഫിലിപ്പീൻസിൽ പഠിക്കാൻ പോയ ആലപ്പുഴക്കാരനായ വിദ്യാർത്ഥിക്ക് എട്ടുവർഷമായിട്ടും തിരിച്ചെത്താനാകുന്നില്ല,​ സഹായം അഭ്യർത്ഥിച്ച് കുടുംബം. നാലുവർഷത്തെ വെറ്ററിനറി സയൻസ് കോഴ്സ് പഠിക്കാനാണ് ആലപ്പുഴ അർത്തുങ്കൽ കുരിശുങ്കൽ വീട്ടിൽ അലോഷ്യസ് വിൽസൺ - സിന്ധു ദമ്പതികളുടെ ഏകമകൻ സാവിയോ അലോഷ്യസ് (31) ഫിലിപ്പീൻസിലെത്തിയത്. പഠനത്തിന് വേണ്ടി പല പ്രാവശ്യമായി ലക്ഷങ്ങൾ ചെലവാക്കിയതിന് പുറമേ, മോചനം സാദ്ധ്യമാകാൻ 10ലക്ഷം രൂപ കൂടി വേണമെന്നതാണ് കുടുബത്തെ

വിഷമിപ്പിക്കുന്നത്.

2016ൽ ഫിലിപ്പീൻസ് സാൻകർലോസിലെ വിർജെൻ മിലാഗ്രാസ് സർവകലാശാലക്ക് കീഴിലുള്ള കോളേജിൽ ഹൈദരാബാദിലെ ഏജൻസി വഴിയാണ് ചേർന്നത്. നാലുവർഷത്തെ കോഴ്സിന് യൂണിവേഴ്സിറ്റി നിർദേശിച്ച 15 ലക്ഷവും നൽകി. 2020ൽ കോഴ്സ് പൂർത്തിയാക്കുന്നതിന് മുമ്പ് കൊവിഡ് വ്യാപിച്ചതോടെ,​ രണ്ടുവർഷത്തോളം കോഴ്സ് നിർത്തിവച്ചു. പുനരാരംഭിച്ചപ്പോൾ വിവിധ ഇനങ്ങളിലായി 37 ലക്ഷവും നൽകി. 2022 ആഗസ്റ്റിൽ വിസ കാലാവധി കഴിഞ്ഞതോടെ ഹോസ്റ്റലിൽനിന്ന് പുറത്താക്കി. കോഴ്സ് സർട്ടിഫിക്കറ്റ് ലഭിക്കാൻ 4.5 ലക്ഷവും ഫീസിന്റെ പിഴത്തുക 2.5 ലക്ഷം രൂപയും വിസ പുതുക്കാൻ മൂന്നു ലക്ഷവുമാണ് ഇനി വേണ്ടത്.

അർത്തുങ്കലിലെ വീട് വിറ്റ് കിട്ടിയ തുക പൂർണമായും മകനെ നാട്ടിലെത്തിക്കാൻ ചെലവഴിച്ചെങ്കിലും ഇനിയും 10ലക്ഷം രൂപ വേണ്ടിവരും. സഹായം തേടി മുഖ്യമന്ത്രിയെയും വിദേശകാര്യ മന്ത്രാലയത്തെയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് പിതാവ് അലോഷ്യസ് വിൽസൺ, മാതാവ് സിന്ധു അലോഷ്യസ് എന്നിവർ പറയുന്നു.