മാന്നാർ: ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ തന്റെ ആരാധികയായ മിനി എസ്.നായർക്ക് അയച്ച കത്തുകൾ വിദ്യാർത്ഥികൾക്ക് വിസ്മയമായി. ബഷീറിന്റെ ജന്മദിനമായ ഇന്നലെ മാന്നാർ ശ്രീഭൂവനേശ്വരി സ്കൂളിൽ നാഷണൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ബഷീർ അനുസ്മരണത്തിലാണ് ഈ കത്തുകൾ പ്രദർശിപ്പിച്ചത്. 80കളിലും 90കളിലുമായി ബഷീർ അയച്ച കത്തുകളാണ് വിദ്യാർത്ഥികളെ പരിചയപ്പെടുത്തിയത്. വയസ് എത്രയായി എന്ന ചോദ്യത്തിന്, "എന്റെ വയസ് മരച്ചുവട്ടിൽ എന്ന സാധനത്തിലുണ്ട്, അതിൽ 205 വയസ്സാണ് ഇപ്പോൾ 102 എന്നേ പറയുന്നുള്ളൂ. അതിന് കാരണമുണ്ട് അതു പറയുന്നില്ല. ഹൃദയത്തിന് വയസ് 18 തലയ്ക്കു വയസ് 40 "എന്ന് കഥാകാരൻ സ്വന്തം ശൈലിയിൽ മറുപടി പറയുന്നുണ്ട്. മാങ്കോസ്റ്റിൻ, ഗ്രാമഫോൺ, 16മാവുകൾ, 2തേൻ വരിക്ക പ്ലാവുകൾ, പുളിമരങ്ങൾ തുടങ്ങി മുള്ളുമുരിക്ക്, മൂർഖൻപാമ്പുകൾ വരെ കത്തുകളിൽ കടന്നു വരുന്നുണ്ട്. കോട്ടയം വിജിലൻസ് ഓഫീസിൽ ജോലി ചെയ്യുന്ന മിനി എസ്.നായർ ഇപ്പോൾ പുലിയൂർ അണിമയിലാണ് താമസം. ഭർത്താവ് ഹരികുമാർ.
ശ്രീഭൂവനേശ്വരി സ്കൂളിൽ നാഷണൽ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ബഷീർ അനുസ്മരണം സ്കൂൾ മാനേജർ പ്രദീപ് ശാന്തിസദൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൽ.പി സത്യപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കെ.എൻ ഉമാറാണി ബഷീർ അനുസ്മരണം നടത്തി. പ്രിൻസിപ്പൾമാരായ അനിത.വി, ബിനു.കെ, അനിൽ പ്രസാദ്, വീണ രാജീവ് എന്നിവർ സംസാരിച്ചു.