ആലപ്പുഴ: ജില്ലയിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. തൃക്കുന്നപ്പുഴ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത് . പ്രദേശത്ത് രോഗ നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.

വെസ്റ്റ് നൈൽ പനി പ്രതിരോധിക്കാൻ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനിൽക്കാതെ നോക്കണം. ജില്ലയിൽ കഴിഞ്ഞ വർഷവും വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്തിരുന്നു. കൊതുകുകടി എൽക്കാതിരിക്കുകയാണ് എറ്റവും നല്ല പ്രതിരോധ മാർഗം. സ്വയംചികിത്സ രോഗത്തെ സങ്കീർണമാക്കും. ആരംഭത്തിൽ തന്നെ ചികിത്സ തേടേണ്ടതാണ്.

വെസ്റ്റ് നൈൽ പനി

 രോഗം പരത്തുന്നത് ക്യൂലക്‌സ് കൊതുക്

 ജപ്പാൻ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങൾ

 എന്നാൽ ജപ്പാൻ ജ്വരംപോലെ ഗുരുതരമാകാറില്ല

 മുതിർന്നവരിലാണ് കൂടുതലായും കാണുന്നത്

രോഗലക്ഷണങ്ങൾ
തലവേദന, പനി, പേശിവേദന, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ.

 രോഗബാധയുണ്ടായ ഭൂരിഭാഗം പേരിലും പലപ്പോഴും രോഗലക്ഷണങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല

 ചിലർക്ക് പനി, തലവേദന, ഛർദ്ദി, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാം

ഒരു ശതമാനം ആളുകളിൽ തലച്ചോറിനെബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോൾ മരണവും സംഭവിക്കാം.

നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ഉടൻ ചികിത്സ തേടണം

-ആരോഗ്യ വകുപ്പ്