ചേർത്തല: മൂന്നുപേരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കടക്കരപ്പളളി ഗ്രാമം കൈകോർക്കുന്നു. രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയായ എട്ടാം വാർഡിൽ കിളിയന്തറ വീട്ടിൽ രാജേഷിന്റെയും സീമയുടെയും മകൻ അക്ഷയ്(തമ്പുരു–19), നാലാം വാർഡിൽ കൈപ്പാരിശേരിൽ വീട്ടിൽ മോഹനന്റെ മകൻ സനീഷ് മോഹൻ(33), അഞ്ചാം വാർഡ് മണ്ണാപറമ്പിൽ വിനോദ്(47)എന്നിവർക്ക് വേണ്ടിയാണ് നാടിന്റെ കരുതൽ.
ഇരുവൃക്കകളും തകരാറിലായി ഡയാലിസിസിലുടെയാണ് അക്ഷയുടെ ജീവൻ നിലനിൽക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണ്. വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രീയക്കായി 35 ലക്ഷത്തിന്റെ ചെലവ് ഇവർക്ക് താങ്ങാവുന്നതല്ല.
രക്താർബുദത്തിന്റെ പിടിയിലാണ് സനീഷ് മോഹൻ. ഒന്നരവയസുള്ള ഇരട്ടകുട്ടികളുടെയും കുടുംബത്തിന്റെയും ഏക ആശ്രയമായ സനീഷിന്റെ ചികിത്സക്കായി 25 ലക്ഷമാണ് വേണ്ടത്.
അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന വിനോദിന്റെ ചികിത്സക്കായി കുടുംബം ഇതിനകം 45ലക്ഷം ചെലവിട്ടുകഴിഞ്ഞു. തുടർചികിത്സ വഴിമുട്ടി നിൽക്കുകയാണ്. ഭാര്യയും രണ്ടുമക്കളുമുളള കുടുംബത്തിന്റെ ഏക ആശ്രയമാണ് വിനോദ്. ഇവർക്കായിട്ടാണ് ജാതി,മത, രാഷ്ട്രീയ ഭേദമന്യേയാണ് നാടൊന്നിക്കുന്നത്. ഇന്ന് എല്ലാവീടുകളിലും ജനകീയ ധനസമാഹരണം നടത്തും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ ചെയർമാനും കെ.എസ്.സുധീഷ് ചീഫ് കോ–ഓർഡിനേറ്ററും പി.ഡി.ഗഗാറിൻ ജനറൽ കൺവീനറും കെ.ഷാജി ട്രഷററും കെ.പി.മഹേഷ് കോ–ഓർഡിനേറ്ററുമായ ചികിത്സ സഹായസമിതിയാണ് പ്രവർത്തിക്കുന്നത്. എല്ലാ വാർഡുകളിലും പ്രത്യേക യോഗങ്ങൾ ചേർന്നു മുന്നൊരുക്കങ്ങൾപൂർത്തിയാക്കി കഴിഞ്ഞു. ജനപ്രതിനിധികളും കുടുംബശ്രീ സി.ഡി.എസും സന്നദ്ധ സംഘടനകളുമെല്ലാം ഇതിനായി പ്രവർത്തിക്കുന്നുണ്ട്.