ചേർത്തല : ഹിമാലയപർവതത്തിൽ 4800 മീറ്റർ ഉയരംതാണ്ടി ചേർത്തല സ്വദേശിനിയായ എട്ടാം ക്ലാസ് വിദ്യാർത്ഥിനി. നഗരസഭ 33ാം വാർഡിൽ ഞാറയ്ക്കാവേലിൽ ഷൈൻ വർഗീസ് - പ്രീതി ദമ്പതികളുടെ മകൾ അന്നാ മേരിയാണ് സാഹസിക ദൗത്യത്തിനിറങ്ങിയത്.
ചേർത്തല സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കഴിഞ്ഞ ജൂൺ20നാണ് പിതാവിനൊപ്പം പർവതാരോഹണ ദൗത്യത്തിനായി പുറപ്പെട്ടു. ഹരിയാനയിൽ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആരാധ്യ ഉൾപ്പെടെ എട്ടു സംസ്ഥാനങ്ങളിൽ നിന്ന് ഏജൻസി മുഖേനയെത്തിയ 13 പേരടങ്ങുന്ന സംഘത്തോടൊപ്പമായിരുന്നു ദൗത്യം.
ഹിമാലയത്തിന്റെ താഴ്വരയായ സോളംഗ് വാലിയിൽ ഇവർ ഒത്തുചേർന്ന ശേഷമാണ് യാത്ര തുടങ്ങിയത്. രാത്രികളിൽ ടെന്റ് സ്ഥാപിച്ച് അന്തിയുറങ്ങി. ലഘുഭക്ഷണങ്ങൾ കൈയിൽ കരുതിയിരുന്നു. മഞ്ഞുരുകിയ വെള്ളമാണ് കുടിച്ചത്. ആറു ദിവസം കൊണ്ട് 4800 മീറ്റർ പിന്നിടാനായി. 500 മീറ്റർ കൂടി കയറിയിരുന്നെങ്കിൽ ലക്ഷ്യ സ്ഥാനമായിരുന്ന ഫ്രണ്ട്സ്‌ഷിപ്പ് പീക്കിന്റെ മുകളിൽ എത്താമായിരുന്നു.
എന്നാൽ ശാരിരികാസ്വസ്ഥതകൾ മൂലം ദൗത്യം പൂർത്തിയാക്കാനായില്ല. ആഫ്രിക്ക ഉപഭൂഖണ്ഡത്തിലെ പർവതനിരയായ കിളിമഞ്ചാരോ കീഴടക്കുകയാണ് അടുത്ത ലക്ഷ്യമെന്നും ഇതിനായി അന്നയ്ക്ക് പ്രത്യേക പരിശീലനം നൽകുമെന്നും എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പിതാവ് ഷൈൻ വർഗീസ് പറഞ്ഞു.