ac-road

കുട്ടനാട്: എ.സി റോഡിൽ വഴിവിളക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതി ഇരുട്ടിലായിട്ട് മാസങ്ങൾ.

ഭൂമിക്കടിയിലൂടെ വൈദ്യുതകേബിളുകൾ സ്ഥാപിച്ച് പെരുന്ന മുതൽ കളർകോട് വരെ 24 കിലോമീറ്റർ ദൂരം വെളിച്ചം പകരാനുള്ള പദ്ധതിയാണ് ഫയലിൽ ഉറങ്ങുന്നത്. കരാർ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി കെ.എസ്. ടി.പി അധികൃതർക്ക് സമർപ്പിച്ച പദ്ധതിക്ക് ഇനിയും അനുമതിയായില്ല. എ.സി റോഡിന്റെ ഒരുവശത്തായി സോളാർ ലൈറ്റുകൾ സ്ഥാപിക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. ഇതനുസരിച്ച്,​ കളർകോട് ജംഗ്ക്ഷനിൽ പരീക്ഷണം നടത്തുകയും പരാജയം മണത്തതോടെ പദ്ധതി ഉപേക്ഷിക്കുകയുമായിരുന്നു. തുടർന്നാണ് ഭൂഗർഭ കേബിൾ പദ്ധതിയിലേക്ക് തിരിഞ്ഞത്.

എന്നാൽ,​ പദ്ധതി സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും അത് പരിശോധിക്കാനോ തീരുമാനമെടുക്കാനോ കെ.എസ്.ടി.പി അധികൃതർ തയ്യാറായിട്ടില്ല.

തീരുമാനമെടുക്കാതെ കെ.എസ്.ടി.പി

1.നവീകരിച്ച് ഇരുവശവും ഓടകൂടി നിർമ്മിച്ചതോടെ എ.സി റോഡിന്റെ വീതി നന്നായി കുറഞ്ഞു.

ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്. വഴിവിളക്കുകൾ കൂടിയില്ലാതായതോടെ

അപകടങ്ങൾ പതിവായി

2.ഡിസംബറിൽ റോഡിന്റെ ഉദ്ഘാടനം നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ,​ ആദ്യം 649 കോടിയും പിന്നീട് അത് 700 കോടിയിലേറെരൂപ പദ്ധതിക്കായി വകയിരുത്തിയെങ്കിലും ജോലികൾ ഇനിയും പലത് ബാക്കിയാണ്

3.ഒന്നാങ്കര മുതൽ പണ്ടാരക്കളം ജംഗ്ക്ഷൻ വരെ പുതുതായി സെമി എലിവേറ്റഡ് പാതകൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ളതാണ് റോഡിന്റെ നവീകരണം. പണ്ടാരക്കളം എലിവേറ്റഡ് പാതയ്ക്ക് മുകളിലെ വൈദ്യുതി ലൈൻ മാറ്റുന്നതും പള്ളാതുരുത്തി പാലത്തിന്റെ വീതി കൂട്ടലുമാണ് അവശേഷിക്കുന്നത്

4. വെളിച്ചമില്ലാതുകാരണം രാത്രിയിൽ അപകടങ്ങൾ പെരുകയാണ്. കാൽനട യാത്രക്കാർ ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവാണ്. അതിനാൽ പദ്ധതിക്ക് കെ.എസ്.ഡി.പി എത്രയും വേഗം അനുമതിനൽകുകയും ഊരാളുങ്കൽ സൊസൈറ്റി പൂർത്തിയാക്കുകയും വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം

പദ്ധതി ദൂരം:

24 കി.മീറ്റർ