ph

കായംകുളം : കരീലക്കുളങ്ങര -ഫാക്ടറിപടി റോഡും കരീലക്കുളങ്ങര - മാവിലേത്ത് റോഡും തകർന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും പുനരുദ്ധരിക്കാൻ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.

പത്തിയൂർ പഞ്ചായത്തിലെ 12,13,14വാർഡുകളിലൂടെ കടന്നുപോകുന്ന കരീലക്കുളങ്ങര -ഫാക്ടറി പടി റോഡ് തകർന്ന് വലിയ ഗർത്തങ്ങളുണ്ടായി വെള്ളം നിറഞ്ഞു കിടക്കുന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. ഇരുചക്ര വാഹന യാത്രക്കാരും, കാൽനട യാത്രക്കാരും വെള്ളക്കെട്ടിൽ വീണ് പരിക്കേൽക്കുന്നത് നിത്യ സംഭവമാണ്. സ്കൂൾ കോളേജ് വിദ്യാർഥികളും കശുഅണ്ടി ഫാക്ടറി തൊഴിലാളികളും കരീലക്കുളങ്ങര മാർക്കറ്റിലേക്കു പോകുന്ന ജനങ്ങളും ആശ്രയിക്കുന്ന പ്രധാന റോഡാണിത്. കെ.എസ്.ആർ.ടി.സിയുടെ പത്തിയൂർ ഗ്രാമവണ്ടി സർവീസും ഇതുവഴിയുണ്ട്.

തകർന്നുകിടക്കുന്ന കരീലക്കുളങ്ങര - പത്തിയൂർ ഫാക്ടറിപ്പടി റോഡും കരീലക്കുളങ്ങര - മാവിലേത്ത് റോഡും പുനർനിർമ്മിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പത്തിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ശ്രീജിത്ത് പത്തിയൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആമ്പക്കാട്ട് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.സൈനുലാബ്ദീൻ മുഖ്യപ്രഭാഷണം നടത്തി.

കിലോമീറ്ററുകൾ ചുറ്റേണ്ടിവരുന്നു

 എരുവ പ്രദേശത്തുനിന്നും കരീലക്കുളങ്ങര എത്താൻ ഇപ്പോൾ കിലോമീറ്ററുകളോളം ചുറ്റി സഞ്ചരിക്കണം

ഹൈവേയ്ക്ക് പടിഞ്ഞാറുവശത്തുള്ളവർക്ക്‌ കായംകുളം നഗരത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകാനുള്ള റോഡാണ് തകർന്നുകിടക്കുന്നത്

 തകർന്നറോഡിൽ ഇരുചക്രവാഹനയാത്രക്കാർക്ക് പരിക്കേൽക്കുന്നത് നിത്യസംഭവമാകുന്നു

 റോഡിന്റെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം അധികാരികളുടെ നിസംഗതയാണെന്ന് വ്യാപാരികളും നാട്ടുകാരും ആരോപിക്കുന്നു

റോഡ് സഞ്ചാരയോഗ്യമാക്കുവാനുള്ള നടപടികൾ എത്രയും പെട്ടെന്ന് അധികാരികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകും

- നാട്ടുകാർ