ambala

അമ്പലപ്പുഴ: റോഡ് ചെളിക്കുണ്ടായി മാറിയതോടെ കഞ്ഞിപ്പാടം തുരുത്തിച്ചിറ നിവാസികൾ ദുരിതത്തിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് എട്ടാം വാർഡ് തുരുത്തിച്ചിറ ഭാഗത്തെ 40 ഓളം കുടുംബങ്ങളും നാലുപാടം പാടശേഖരത്തെ കൃഷിക്കാരും കർഷകത്തൊഴിലാളികളുമാണ് ഇതോടെ വലയുന്നത്. കഞ്ഞിപ്പാടം എ.കെ.ജി ജംഗ്ഷൻ മുതൽ വട്ടപ്പായിത്ര ക്ഷേത്രം ചുറ്റി നാലുപാടത്തേക്ക് പോകുന്ന റോഡിന്റെ വടക്കേ അറ്റത്തെ 1500 മീറ്ററോളം ഭാഗമാണ് ചെളിക്കുണ്ടായി കിടക്കുന്നത്. ചമ്പക്കുളം, വൈശ്യംഭാഗം, കഞ്ഞിപ്പാടം എൽ.പി.എസ് തുടങ്ങിയ സ്കൂളുകളിലേക്ക് നിരവധി വിദ്യാർത്ഥികളാണ് സൈക്കിളിൽ ഇതുവഴി പോകുന്നത്. റോഡ് ചെളിക്കുണ്ടായതോടെ കാൽനടക്കാരും സൈക്കിൾ യാത്രക്കാരും തെന്നിവീഴുന്നത് ഇവിടെ പതിവാണ്.

കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തുരുത്തിച്ചിറ പ്രദേശത്തെ ജനങ്ങൾ വോട്ട് ബഹിഷ്ക്കരിക്കുമെന്ന് പറഞ്ഞെങ്കിലും, റോഡ് ഉടൻ പൂർത്തിയാക്കാമെന്ന ജനപ്രതിനിധികളുടെ ഉറപ്പിൽ വിശ്വസിച്ച് പ്രതിഷേധത്തിൽ നിന്ന് പിന്മാറുകയായിരുന്നു. എന്നാൽ അവർ വാക്ക് പാലിച്ചതുമില്ല. അടിയന്തരമായി ചെളിക്കുണ്ടായ റോഡ് പുനർനിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.