ഹരിപ്പാട്: തൃക്കുന്നപ്പുഴ പഞ്ചായത്തിൽ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ജാഗ്രത കർശനമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോകിപ്പിക്കുന്നതിനും ഊർജിതമാക്കുന്നതിനും പഞ്ചായത്തിൽ പ്രത്യേക യോഗം കൂടി. ആരോഗ്യ വകുപ്പിന്റെയും, ബ്ളോക്ക്, ഗ്രാമപഞ്ചായത്തുകളുടെയും നേതൃത്വത്തിൽ പ്രദേശത്ത് കൊതുകുകളുടെ ഉറവിട നശീകരണം നടത്തി. നാട്ടുകാർക്ക് ബോധവത്കരണ ക്ളാസും, നോട്ടീസ് വിതരണവും, ഫോഗിങ്ങും നടത്തി. ഇന്ന് പ്രദേശത്ത് കൊതുക് നശീകരണത്തിനായി സ്പ്രേയിം നടത്തും. പഞ്ചായത്തിൽ നടന്ന യോഗം പഞ്ചായത്ത്‌ പ്രസിഡന്റ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ആരോഗ്യ വിഭാഗം മേലധികാരികളുടെ നിർദ്ദേശപ്രകാരം സാമൂഹ്യ ആരോഗ്യ കേന്ദ്രം ജീവനക്കാരും പഞ്ചായത്ത് പ്രതിനിധികളും, ആശാ പ്രവർത്തകർ, ആരോഗ്യ വോളണ്ടിയർമാർ, കുടുംബശ്രീ പ്രവർത്തകർ, എ.ഡി.എസ് ,സി.ഡി,എസ് പ്രതിനിധികൾ, ഹരിതകർമ്മ സേനാ പ്രവർത്തകർ, സാമൂഹിക സംഘടന പ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്. വാർഡിൽ പനിയുള്ളവരെ കണ്ടെത്തുന്നതിനുള്ള സർവ്വേ നടത്തുകയും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. കൊതുക് നശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഉപയോഗശൂന്യമായ വെള്ളക്കെട്ടുകളിൽ സ്പ്രേയിങ് തുടങ്ങി. 7,8,9 തീയതികളിലായി പഞ്ചായത്ത്‌ തലത്തിൽ പ്രതിരോധപ്രവർത്തനങ്ങളും ഉറവിട നശീകരണപ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതിനും അടിയന്തിര യോഗം കൂടി തീരുമാനിച്ചു.