പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാൻ അപേക്ഷ നൽകും
മാന്നാർ: ചെന്നിത്തല ഇരമത്തൂർ പായിക്കാട്ട് മീനത്തേതിൽ കലയെ കൊന്നു സെപ്റ്റിക് ടാങ്കിൽ കുഴിച്ചുമൂടിയ കേസിൽ തെളിവുകൾ ശേഖരിക്കുന്നതിനായി കൂടുതൽപേരെ ചോദ്യം ചെയ്തും ഫോൺവിവരങ്ങൾ ശേഖരിച്ചും പൊലീസ്.
15 വർഷം മുമ്പുനടന്ന കൊലപാതകത്തിന്റെ തെളിവുശേഖരണം ഏറെ പ്രയാസകരമായതിനാൽ പ്രതികളുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ അയൽവാസികൾ എന്നിവരിൽ നിന്നെല്ലാം വിവരണ ശേഖരണം നടത്തിവരികയാണ്. അനിൽ നാടുമായി ബന്ധപ്പെടുന്നുണ്ടോ എന്നറിയാൻ ഇവരുടെയെല്ലാം ഫോൺ ഹിസ്റ്ററിയും പൊലീസ് പരിശോധിക്കുന്നുണ്ട്. അനിലിന്റെ സുഹൃത് വലയത്തിൽപെട്ട മാന്നാർ സ്വദേശിയെ കഴിഞ്ഞ ദിവസം കട്ടപ്പനയിൽ നിന്നും മാന്നാറിലെത്തിച്ച് മണിക്കൂറുകളോളം പൊലീസ് ചോദ്യം ചെയ്തിരുന്നു.
കോടതിയിൽ നിന്നും കസ്റ്റഡിയിൽ വാങ്ങിയ പ്രതികളായ ചെന്നിത്തല ഇരമത്തൂർ കണ്ണമ്പള്ളിൽ ജിനുഗോപി (48), കണ്ണമ്പള്ളിൽ സോമരാജൻ (55), കണ്ണമ്പള്ളിൽ പ്രമോദ് (45) എന്നിവരെ മൂന്ന് സ്റ്റേഷനുകളിലായി പാർപ്പിച്ചായിരുന്നു വെള്ളിയാഴ്ച ചോദ്യം ചെയ്തത്. രണ്ടും നാലും പ്രതികൾ ചെങ്ങന്നൂർ, മാവേലിക്കര സ്റ്റേഷനുകളിലും മൂന്നാം പ്രതി മാന്നാർ സ്റ്റേഷനിലുമായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് ചെങ്ങന്നൂരിൽ ഉണ്ടായിരുന്ന പ്രതിയെക്കൂടി മാവേലിക്കരയിലെത്തിച്ച് അമ്പലപ്പുഴ സി.ഐ യുടെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യൽ വൈകിട്ട് വരെ തുടർന്നു. അറസ്റ്റ് ചെയ്ത പ്രതികളുടെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെ കസ്റ്റഡി നീട്ടിക്കിട്ടാനും പൊലീസ് ശ്രമിക്കുന്നുണ്ട്. അതിനായി തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും.
തെളിവുകൾക്കായി കൂടുതൽ
സ്ഥലങ്ങൾ പരിശോധിക്കും
കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയെന്നത് അനിൽ പറഞ്ഞുള്ള അറിവ് മാത്രമാണ് പ്രതികൾക്കുള്ളത്. മൃതദേഹം ഉപേക്ഷിച്ച സ്ഥലങ്ങൾ അനിൽ പിന്നീട് മാറ്റിപ്പറഞ്ഞതായും പൊലീസിന് അറിവ് ലഭിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള ഒന്നരയേക്കറോളം ഉള്ള പുരയിടത്തിൽ കുഴിച്ചിട്ടതായും സെപ്റ്റിക് ടാങ്കിൽ ഇട്ട ശേഷം പിന്നീട് അവിടെ നിന്നും മാറ്റിയതായുള്ള സംശയവും നിലനിൽക്കുന്നുണ്ട്.