യജ്ഞമണ്ഡപം കാൽനാട്ട് ഇന്ന്

മാന്നാർ: കുരട്ടിക്കാട് തേവരിക്കൽ മഹാദേവർ ക്ഷേത്രത്തിൽ ഒൻപതാമത് ശ്രീമഹാരുദ്ര യജ്ഞം 22 മുതൽ 28വരെ നടക്കും. യജ്ഞമണ്ഡപത്തിന്റെ കാൽനാട്ട് ഇന്ന് രാവിലെ 8.20നും 8.30നും മധ്യേ ചക്കുളത്ത്കാവ് ക്ഷേത്രം മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൃത്താകൃതിയിൽ നാലുവശത്തും മുഖപ്പോടു കൂടി 24.1അടി വൃത്തത്തിലും 21.5അടി ഉയരത്തിലുമാണ് യജ്ഞമണ്ഡപത്തിന്റെ നിർമ്മാണം. തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണൻ ഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിലും മേൽശാന്തി ഹരികുമാർ എമ്പ്രാന്റെ സഹകാർമ്മികത്വത്തിലും ആലുവ തന്ത്രവിദ്യാപീഠത്തിലെ ആചാര്യൻ വേങ്ങേരിമന പദ്‌മനാഭൻ നമ്പൂതിരിയുടെയും, കഴന്നൂർ കൃഷ്ണകുമാർ നമ്പൂതിരിയുടെയും മേൽനോട്ടത്തിൽ പതിനഞ്ചോളം വൈദിക പുരോഹിതരാലാണ് ശ്രീമഹാരുദ്ര യജ്ഞം നടത്തുക. യജ്ഞമണ്ഡപത്തിൽ പ്രതിഷ്ഠിക്കാനുള്ള ശ്രീപരമേശ്വര വിഗ്രഹവും വഹിച്ചുള്ള വിഗ്രഹ ഘോഷയാത്ര 20ന് പുലർച്ചെ ആറിന് കണ്ടിയൂർ മഹാദേവർ ക്ഷേത്രത്തിൽനിന്നും ആരംഭിച്ച് 86ഓളം ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കുരട്ടിക്കാട് പാട്ടമ്പലത്തിൽ എത്തി, യജ്ഞവേദിയിൽ സ്ഥാപിക്കാനുള്ള കൊടിമരവും കൊടിക്കൂറയുമായി​ ഘോഷയാത്രയായി തേവരിക്കൽ ക്ഷേത്രത്തിൽ എത്തിക്കും.

21ന് 7.35നും 7.55നും മധ്യേ തന്ത്രി പറമ്പൂരില്ലത്ത് രാകേഷ് നാരായണൻഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ് . എട്ട് മുതൽ നാരായണീയ പാരായണംനടക്കും. വൈകിട്ട് നാലിന് യജ്ഞ സമാരംഭസഭയുടെ ഉദ്ഘാടനം തിരുവിതാംകൂർ രാജകുടുംബാഗം ഗൗരി പാർവ്വതിഭായി തമ്പുരാട്ടി നിർവ്വഹിക്കും. യജ്ഞസമിതി ചെയർമാൻ ആർ.വെങ്കിടാചലം അദ്ധ്യക്ഷനാകും.

വിവിധ ദിവസണളിലായി നടക്കുന്ന വിജ്ഞാന സദസ്സിൽ ഏറ്റുമാനൂരപ്പൻ കോളേജ് അസോസിയേറ്റ് പ്രൊഫ.സരിതഅയ്യർ, യുവരാജ് ഗോകുൽ, രഞ്ജിത്ത് പാണ്ടനാട്, സതീഷ് മഞ്ചല്ലൂർ, കുഴിക്കാട്ട് അഗ്നിശർമ്മൻ വാസുദേവൻ ഭട്ടതിരിപ്പാട്, ഡോ.ബി.ജയപ്രകാശ് കായംകുളം എന്നിവർ ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. എല്ലാ ദിവസവും വൈകിട്ട് 7ന് കലാസന്ധ്യയിൽ ക്ഷേത്ര കലാപരിപാടികൾ ഉണ്ടാകും. 28ന് യജ്‌ഞം സമാപിക്കും. യജ്ഞ സമംഗളസഭയുടെ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡംഗം എ.അജിത്കുമാർ നിർവ്വഹിക്കും. ഉപദേശകസമിതി പ്രസിഡന്റ് കെ.സി.സുരേഷ് കുമാർ അദ്ധ്യക്ഷനാകും. സംഘാടകരായ കെ.എസ് മഹേശ്വരകുമാർ, ആർ.അജീഷ്, മാന്നാർ സുരേഷ്, കെ.സി സുരേഷ് കുമാർ, എ.ടി.സതീഷ് കുമാർ, എസ്.ശ്യാംകുമാർ, പി.സി.ഓമനക്കുട്ടൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.