ഹരിപ്പാട്: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങൾക്ക് ശേഷം ചേർന്ന കാർത്തികപ്പള്ളി താലൂക്ക് വികസന സമിതി യോഗത്തിൻ വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥർ എത്തിച്ചേരാത്തതിനാൽ യോഗം ബഹിഷ്കരിച്ച് ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഇറങ്ങിപ്പോയി.
താലുക്കിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം, കടൽകയറ്റം, റേഷൻ സാധനങ്ങളുടെ ബുദ്ധിമുട്ടുകൾ, തെരുവുനായ് ശല്യം, ദേശീയപാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ തുടങ്ങിയ നിരവധി ജനകീയ വിഷയങ്ങൾ ചർച്ച ചെയ്ത് തീരുമാനം എടുക്കേണ്ട താലൂക്ക് വികസന സമിതിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എത്തിച്ചേരാത്തതിനാൽ യോഗം തുടരാൻ സാധിക്കില്ലെന്ന് അദ്ധ്യക്ഷനായ ജില്ലാ പഞ്ചായത്ത് പ്രതിപ്രക്ഷ നേതാവ് ജോൺ തോമസ് പറഞ്ഞു. തുടർന്ന് തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വിനോദ് കുമാർ, ചെറുതന ഗ്രാമ പഞ്ചായത്ത് പ്രസിഡ്റ് എബി മാത്യു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ.വി. ഷുക്കൂർ, ബേബി ജോൺ, ലിയാക്കത്ത് പറമ്പിൽ തുടങ്ങിയവരും യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.