tur

അരൂർ: യാത്രാദുരിതം പരിഹരിക്കുന്നതിന് ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും നിർമ്മാണകരാർ കമ്പനി അധികൃതരും നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നാരോപിച്ച് അരൂർ - തുറവൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണ ജോലികൾ അരൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ ചേർന്ന് തടസ്സപ്പെടുത്തി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രാഖി ആന്റണിയുടെ നേതൃത്വത്തിൽ ഭരണ,​ പ്രതിപക്ഷ അംഗങ്ങൾ ചേർന്നായിരുന്നു സമരം. ഇന്നലെ വൈകിട്ട് നാലു മുതൽ അഞ്ചു വരെ അരൂർ ക്ഷേത്രം ജംഗ്ഷൻ മുതൽ അരൂർ പള്ളി വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് തടസ്സപ്പെടുത്തിയത്. പത്തുകോടി രൂപ പഞ്ചായത്തുകൾക്ക് നൽകിയിട്ടുണ്ടെന്ന അടിസ്ഥാനരഹിതമായ ആരോപണത്തിനെതിരെയുള്ള പ്രതിഷേധം കൂടിയാണ് ഇതെന്നും

ആരോപണം ഉയർത്തിയ ആൾക്കെതിരെ നിയമനടപടി സ്വീകരിക്കാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. കൂടിയാലോചനയില്ലാതെ അഞ്ച് ദിവസം വഴി കെട്ടിയടച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത് അശാസ്ത്രീയമാണെന്നും അംഗങ്ങൾ ആരോപിച്ചു. നിർമ്മാണപ്രവർത്തികൾ ഉടൻ പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ തുടർ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി.