chithirapuram-rod

മാന്നാർ : ചെന്നിത്തല തെക്ക് ചിത്തിരപുരത്ത് നിന്ന് മറ്റം മഹാദേവക്ഷേത്രത്തിലേക്ക് കെട്ടുകാഴ്ചകളുടെ യാത്ര സുഗമമാക്കാൻ വഴിത്താരകളിലെ വൈദ്യുതി തൂണുകൾ, ലൈനുകൾ എന്നിവ പുനഃക്രമീകരിക്കണമെന്ന ആവശ്യത്തിന് നവകേരളസദസിൽ പച്ചക്കൊടി കാട്ടിയെങ്കിലും പദ്ധതി നടപ്പാക്കാന്നുന്നതിന് ഫണ്ടിനായുള്ള കാത്തിരിപ്പ് തുടരുന്നു. ചിത്തിരപുരത്തു നിന്ന് പുറപ്പെടുന്ന കെട്ടുകാഴ്ച രണ്ടര കി.മീറ്ററോളം ദൂരം ഇടുങ്ങിയറോഡിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. ഇവിടെ 1.5കി.മീറ്റിൽ ഹൈടെൻഷൻ ലൈനും ബാക്കിയുള്ളിടത്ത് ലോടെൻഷൻ ലൈനുമാണുള്ളത്. ഇതെല്ലം അഴിച്ചു മാറ്റുകയും പിന്നീട് കെട്ടുകാഴ്ചകൾ നീങ്ങി അമ്പലത്തിൽ കയറിയ ശേഷം പുനഃസ്ഥാപിക്കുകയും ചെയ്യുമ്പോൾ നേരം വളരെ വൈകുകയും സുരക്ഷാ നടപടികൾ പാലിക്കാൻ കഴിയാത്ത സാഹചര്യവുമാണുള്ളത്. ഇതിനു അറുതി വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിൽ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എൽ.എയും മന്ത്രിയുമായ സജിചെറിയാന് നിവേദനം നൽകിയിട്ടുണ്ടെന്ന് കരയോഗം ഭാരവാഹികളായ കെ.ഗംഗാധരൻ, പ്രദീപ്.സി, സജീവ്.കെ, ജനകീയ സമിതി അംഗങ്ങളായ മോഹനൻ.ജി പടകത്തിൽ, സുഭാഷ് കിണറുവിളയിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വർഷംതോറും പാഴാകുന്നത് ഒരു ലക്ഷം

1.കെട്ടുകാഴ്ച കടന്നു പോകുന്നതിനായി വൈദ്യുതിലൈനുകൾ അഴിച്ചുമാറ്റി പുനഃസ്ഥാപിക്കുന്നതിനായി ഒരുലക്ഷം രൂപയിലേറെയാണ് വർഷംതോറും കെ.എസ്.എ.ബിയിൽ അടയ്ക്കുന്നത്

2.കർഷകത്തൊഴിലാളികളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ പ്രദേശവാസികളിൽ നിന്ന് പിരിവെടുത്താണ് ഈ തുക കണ്ടെത്തുന്നത്

3.ഇരുന്നൂറ്റമ്പതോളം വീടുകളുള്ള ഈവഴിയിൽ ലൈനുകൾ രാത്രി വൈകിവരെ ഓഫ് ചെയ്തിടുന്നത് പൊതുജങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കും

4.കണക്ഷനുകൾ ശരിയായ രീതിയിൽ കൊടുക്കുവാൻ കഴിയാത്തത് മൂലം ഉണ്ടാകുന്ന ലൂസ് കോൺടാക്ട് വൈദ്യുത ഉപകരണങ്ങൾ കത്തിനശിക്കുന്നതിനും വോൾട്ടേജ് വ്യതിയാനത്തിനും കാരണമാകുന്നു

പ്രതീക്ഷിക്കുന്ന ചിലവ് : 70.34 ലക്ഷം

പരിഹാരം 12മീ. പോസ്റ്റുകൾ

ചിത്തിരപുരത്തു നിന്നും കെട്ടുകാഴ്ച കടന്നു പോകുന്ന വഴിയിലെ ലൈനുകൾ ഉയരം കൂടിയ പോസ്റ്റുകൾ സ്ഥാപിച്ച് ഒരു വശത്ത് കൂടി മാത്രമാക്കി ഇൻസുലേറ്റഡ് കണ്ടക്ടർ വലിക്കണമെന്നാണ് ആവശ്യം. 12മീറ്റർ ഉയരമുള്ള പോസ്റ്റുകൾ സ്ഥാപിച്ചെങ്കിലേ ലൈൻ അഴിക്കാതെ കെട്ടുകാഴ്ചകൾ കൊണ്ട് പോകാൻ കഴിയുകയുള്ളൂ. ഇതിനായി 70,34,970രൂപ ചിലവ് പ്രതീക്ഷിക്കുന്ന എസ്റ്റിമേറ്റാണ് കെ.എസ്.ഇ.ബി തയാറാക്കി സമർപ്പിച്ചിട്ടുള്ളത്.