ആലപ്പുഴ : ഒാണം ഉണ്ണാൻ വിഷരഹിത പച്ചക്കറി ഉറപ്പാക്കാൻ വിപുലമായ ഒരുക്കങ്ങളുമായി ജില്ലയിൽ കൃഷിവകുപ്പ്. 'ഓണത്തിന് ഒരുമുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി കൃഷിഭവനുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ 42.25 ലക്ഷംരൂപയുടെ പച്ചക്കറിവിത്തും തൈകളുമാണ് ലഭ്യമാക്കുക.

ഒരു പാക്കറ്റിൽ അഞ്ച് ഇനത്തിൽപ്പെട്ട നാടൻ പച്ചക്കറി വിത്തുകളുണ്ടാകും. കാർഷികകർമ്മ സേന, കൃഷിക്കൂട്ടം, അഗ്രോസർവീസ് സെന്റർ എന്നിവിടങ്ങളിൽ നിന്നാണ് നാടൻ പച്ചക്കറിവിത്തും തൈകളും വാങ്ങിയത്. ഹൈബ്രിഡ് വിത്തുകളും തൈകളും അന്യസംസ്ഥാനങ്ങളിൽ നിന്നാണ് വാങ്ങിയത്. നാടൻ ഇനത്തിൽപ്പെട്ട 2ലക്ഷം കവർ പച്ചക്കറി വിത്തുകൾ ഇതിനകം വിതരണം ചെയ്തു. ഒരു തൈയ്ക്ക് 2.50 രൂപ വിലവരുന്ന 1.5ലക്ഷം നാടൻ പച്ചക്കറിത്തൈകളും സൗജന്യമായി നൽകി. രണ്ട് ലക്ഷം തൈകൾ കൂടി ഉടൻ വിതരണം ചെയ്യും. 13.5 ലക്ഷം രൂപ മുടക്കി വിതരണം ചെയ്യുന്ന ഹൈബ്രിഡ് ഇനത്തിലുള്ള 4.5ലക്ഷം തൈകളിൽ രണ്ട് ലക്ഷം ഇതിനകം നൽകി കഴിഞ്ഞു. കനത്ത മഴയിൽ പച്ചക്കറികൃഷിക്ക് സംരക്ഷണം നൽകാൻ റെയിൻ ഷെൽട്ടർ കൃഷിയും ഉടൻ ആരംഭിക്കും.

കാലാവസ്ഥയ്ക്ക് അനുകൂലമായ വെണ്ട, വഴുതന,പാവൽ,പീച്ചിൽ,പടവലം,പച്ചമുളക് ഇനത്തിൽപ്പെട്ട പച്ചക്കറിത്തൈകളാണ് വിതരണം നടത്തിയത്.

തരിശിലും നൂറുമേനി വിളയിക്കും

 കൃഷിഭവനുകളുടെ മേൽനോട്ടത്തിലാണ് വിത്തുവിതരണം

 തരിശുഭൂമികൾ, അടുക്കളത്തോട്ടം എന്നിവിടങ്ങളിൽ ജൈവകൃഷി ഒരുങ്ങും

 കുടുംബശ്രീയെയും പുരുഷസ്വാശ്രയ സംഘങ്ങളെയും കൃഷിയിൽ സജീവമാക്കും

 തൊഴിലുറപ്പ് തൊഴിലാളികളെയും കൃഷിയിലേക്കിറക്കും

1176 ഹെക്ടറിൽ വിളവിറക്കും

42.25ലക്ഷം : ആകെ ചിലവ്

12094 ടൺ വിളവ് പ്രതീക്ഷിക്കുന്നു

നൽകുന്ന തൈകൾ

വെണ്ട

വഴുതന

പാവൽ

പീച്ചിൽ

പടവലം

പച്ചമുളക്

വിത്തുകൾ

വെണ്ട

വഴുതന

പയർ

ചീര

കുമ്പളം

മുളക്

പാവൽ

പീച്ചിൽ

പടവലം

വെള്ളരി

കുറ്റിപ്പയർ

ജില്ലയിൽ പച്ചക്കറി കൃഷിക്കായി 42.25ലക്ഷം രൂപയുടെ തൈകളും വിവിധയിനം വിത്തുകൾ അടങ്ങിയ കിറ്റും വിതരണം ആരംഭിച്ചു. ഹൈബ്രിഡ് ഇനത്തിലുള്ള 4.5ലക്ഷം തൈകളുടെ വിതരണം ആരംഭിച്ചു. മുൻവർഷത്തേക്കാൾ കൂടുതൽ വിളവാണ് പ്രതീക്ഷിക്കുന്നത്.

- സുജ ഈപ്പൻ, ഡെപ്യൂട്ടി ഡയറക്ടർ, പ്രിൻസിപ്പൽ കൃഷി ഓഫീസ്, ആലപ്പുഴ