ആലപ്പുഴ : നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുകയെന്ന ഉദ്ദേശത്തോടെ ജനറൽ ആശുപത്രി ജംഗ്ഷൻ വികസനത്തിനായി തയ്യാറാക്കിയ പദ്ധതിയിൽ വീണ്ടും അഴിച്ചുപണി. ആലപ്പുഴ, അമ്പലപ്പുഴ ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്നതിനും യാത്രക്കാർക്ക് ബസ് കാത്തുനിൽക്കുന്നതിനുമുള്ള ബസ് ബേകൾ കൂടി ഉൾപ്പെടുത്തേണ്ടി വന്നതോടെ ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ പദ്ധതിയുടെ റീഡിസൈനിംഗ് തുടങ്ങി. മുപ്പത് സെന്റോളം സ്ഥലം ബസ് ബേകൾക്കായി ഏറ്രെടുക്കേണ്ടിവരും. ഈ സ്ഥലത്തിനും ബസ് ബേ നിർമ്മാണത്തിനുമുള്ള തുകകൂടി വകയിരുത്തിയാലേ അംഗീകാരം വാങ്ങി ടെൻഡർ നടത്താൻ കഴിയുകയുള്ളൂ.
നാലുവരിപ്പാതയ്ക്കൊപ്പം ബീച്ച് റോഡിലേക്കും തിരികെയും വാഹനങ്ങൾക്ക് ഫ്രീലെഫ്റ്റ് തിരിഞ്ഞുപോകാൻ കഴിയും വിധമാണ് ജംഗ്ഷൻ വികസിപ്പിക്കുന്നത്. ടി.ഡി സ്കൂളിന് മുന്നിൽ തുടങ്ങി കേരളബാങ്കിന് മുൻവശം അവസാനിക്കനുന് ഫ്ളൈഓവർ പദ്ധതിയായിരുന്നു ആദ്യം ആലോചിച്ചതെങ്കിലും ഭാരിച്ച നിർമ്മാണചെലവ് കാരണം നാലുവരിപ്പാത മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഫ്ളൈഓവറിനായി സ്ഥലം ഏറ്റെടുക്കുമ്പോൾ കച്ചവടക്കാരുൾപ്പെടെ കൂടുതൽപേരെ ഒഴിപ്പിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യേണ്ടിവരുന്നത് സാമ്പത്തിക ബാദ്ധ്യത വർദ്ധിപ്പിക്കും.
ഇരുവശങ്ങളിലും 3.5മീ.
സ്ഥലം ഏറ്റെടുക്കും
1.നിലവിലുള്ള റോഡിന്റെ മദ്ധ്യഭാഗത്ത് ഡിവൈഡർ സ്ഥാപിച്ച് ഇരുവശത്തേക്കും 6.15 മീറ്റർ വീതം വീതിയിലാണ് നാലുവരിപ്പാത നിർമ്മാണം. ഇതിനായി ഇരുവശത്തും മൂന്നരമീറ്റർ വീതം സ്ഥലം ഏറ്റെടുക്കും
2.കഴിഞ്ഞ ദിവസം സർക്കാർ അംഗീകരിച്ച ഇരുപതോളം ജംഗ്ഷനുകളുടെ വികസനത്തിനുള്ള പദ്ധതിയിലുൾപ്പെടുത്തിയാണ് ജനറൽ ആശുപത്രി ജംഗ്ഷനും വികസിപ്പിക്കുന്നത്
3.കളർകോട്- ജനറൽ ആശുപത്രി- ബോട്ട് ജെട്ടി റോഡിലെ ഗതാഗതക്കുരുക്കിനും ജനറൽ ആശുപത്രി ജംഗ്ഷനിലെ സിഗ്നലിലെ കാത്തുകിടപ്പിനും പരിഹാരമായാണ് പദ്ധതി
ഏറ്റെടുക്കുന്ന ഭൂമി
നാലുവരിപ്പാതയ്ക്ക് : 1.67 ഏക്കർ
ബസ് ബേയ്ക്ക് : 30 സെന്റ്
ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡിസൈൻ തയ്യാറാക്കി കിഫ്‌ബിയ്ക്ക് കൈമാറുന്നതിന് പിന്നാലെ പദ്ധതിയുടെ ഡി.പി.ആർ പരിഷ്കരിക്കും. ഭൂമിവില നിശ്ചയിച്ചു സ്ഥലം ഏറ്റെടുക്കുന്നതിനൊപ്പം ഡി.പി.ആറിന് അംഗീകാരം വാങ്ങി വർക്ക് ടെൻഡർ ചെയ്യും
-ടെക്നിക്കൽ വിംഗ് , കിഫ്‌ബി , ആലപ്പുഴ