sds

പൂച്ചാക്കൽ : അരൂർ -തുറവൂർ ഉയരപ്പാത നിർമ്മാണം നടക്കുന്നതിനാൽ വാഹനങ്ങൾ തിരിച്ചുവിടുന്ന ചേർത്തല-അരൂക്കുറ്റി റോഡിലെ പ്രധാന ജംഗ്ഷനായ ഒറ്റപ്പുന്നയിൽ അപകടങ്ങൾ പതിവാകുമ്പോഴും ഗതാഗതനിയന്ത്രണത്തിന് നടപടികളില്ല. അരൂക്കുറ്റി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ ഇടത്തോട്ട് തിരിഞ്ഞ് തവണക്കടവിലേക്കും വലത്തോട്ട് തിരിഞ്ഞ് കേളമംഗലം ഭാഗത്തേക്കും പോകുന്നത് ഒറ്റപ്പുന്ന ജംഗ്ഷനിൽ നിന്നാണ്. റോഡിൻെറ പടിഞ്ഞാറ് ഭാഗത്തായി പഞ്ചായത്ത് ഓഫീസും രണ്ടു സ്കൂളുകളും പ്രാഥമികാരോഗ്യകേന്ദ്രവും, തെക്ക് ഭാഗത്തായി ഗവ.സ്കൂളും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ജംഗ്ഷന്റെ വടക്കുഭാഗത്തായി ഐ.എച്ച്.ആർഡിയുടെ എൻജിനീയറിംഗ്കോളേജും ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളും പ്രവർത്തിക്കുന്നുണ്ട്. പള്ളിപ്പുറം ഗ്രോത്ത് സെന്റർ, കെ.എസ്.ഐ.ഡി.സിയുടെ മെഗാ ഫുഡ് പാർക്ക്, മലബാർ സിമന്റ്സ്, ഐ.ടി. പാർക്ക് തുടങ്ങി ഒട്ടനവധി വ്യവസായങ്ങളും ഈ പരിസരത്തുണ്ട്. ഇവിടെ നിന്നുള്ള വാഹനങ്ങളും, ജീവനക്കാരും ജംഗ്ഷനിലെ ഗതാഗതക്കുരുക്കിൽ നട്ടംതിരിയുകയാണ്.

ഇവിടെ സിഗ്നൽ ലൈറ്റുകളോ, ട്രാഫിക് ഐലൻഡോ അടിയന്തിരമായി സ്ഥാപിക്കണം

- പി.എം.അനിൽ, വേൾഡ് തിങ്കേഴ്സ് ഫോറം ചെയർമാൻ