അമ്പലപ്പുഴ : കാണാതായ യുവാവിന്റെ മൃതദേഹം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തിൽ കണ്ടെത്തി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പതിമൂന്നാം വാർഡ് കോമന മണ്ണാരു പറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന മുകേഷിന്റെ (39) മൃതദേഹമാണ് ഇന്നലെ അഗ്നിരക്ഷാസേനയുടെ തെരച്ചിലിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 11വരെ ക്ഷേത്ര പരിസരത്ത് മുകേഷിനെ കണ്ടിരുന്നതായി ഭക്തർ പറഞ്ഞു.
രാത്രി വീട്ടിലെത്താതിരുന്നതിനാൽ ഇന്നലെ രാവിലെ മുതൽ സുഹൃത്തുക്കൾ മുകേഷിനെ തേടി നടക്കുന്നതിനിടെ സ്കൂട്ടർ സത്രത്തിൽ പാർക്ക് ചെയ്തത് കണ്ടെത്തി. തുടർന്ന് നടത്തിയ തെരച്ചിലിൽ ചെരിപ്പുകൾ ക്ഷേത്രക്കുളത്തിന്റെ പടിക്കെട്ടിൽ കാണപ്പെട്ടു. കുളത്തിൽ വീണതാകാമെന്ന സംശയത്തിൽ അമ്പലപ്പുഴ പൊലീസിനെയും തകഴി അഗ്നി രക്ഷാ സേനയേയും അറിയിച്ചു. അഗ്നിരക്ഷാ സേന 11.30 ഓടെ മൃതദേഹം കണ്ടെത്തി.
സംഭവത്തെ തുടർന്ന് ക്ഷേത്രനട അടച്ചു. രണ്ടു തന്ത്രിമാരുടേയും മൂന്ന് മേൽശാന്തിമാരുടേയും കാർമ്മികത്വത്തിൽ പഞ്ചപുണ്യാഹം നടത്തി.. ഇന്നലത്തെ കളഭം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു. ക്ഷേത്രക്കുളത്തിലെ കുറച്ചു വെള്ളം മോട്ടോർ ഉപയോഗിച്ച് വറ്റിച്ചു. തുടർന്ന് പരിഹാരക്രിയകളും നടത്തി. മഹേഷിന്റെ മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം തകഴി ചിറയകത്തുള്ള മാതൃസഹോദരന്റെ വീട്ടിൽ സംസ്കരിച്ചു. പെയിന്റിംഗ് തൊഴിലാളിയായിരുന്നു. പിതാവ് : രാധാകൃഷ്ണൻ നായർ. മാതാവ്: ശശികല. സഹോദരൻ: മഹേഷ്.