varpp

മാന്നാർ: ലൈഫ് ഭവനപദ്ധതിയിൽ അനുവദിച്ച വീടിന്റെ നിർമ്മാണം പൂർത്തീകരിക്കാനാകാതെ ദുരിതജീവിതം നയിച്ച നിർദ്ധനകുടുംബത്തിന് സാന്ത്വനമേകി മാന്നാർ കുരട്ടിക്കാട് കെ.ആർ.സി വായനശാല. രോഗിയായ മാതാവും, പക്ഷാഘാതം വന്ന് തളർന്നുകിടക്കുന്ന മകളും ആരോഗ്യപ്രശ്നങ്ങളുള്ള മകനും അടങ്ങുന്ന കുരട്ടിക്കാട് തറയിൽ കിഴക്കേതിൽ ഓമനയുടെ കുടുംബത്തിനാണ് കെ.ആർ.സി വായനശാല കൈത്താങ്ങായത്.

നിർമ്മാണം പൂർത്തീകരിക്കാതെ കിടക്കുന്ന വീടിനോട് ചേർന്ന് ചോർന്നൊലിക്കുന്ന ഒരു ഷെഡിലാണ് ഈ നിർദ്ധന കുടുംബം താമസിക്കുന്നത്. കാലവർഷം കനത്തതോടെ ഇവരുടെ ജീവിതം ദുരിതപൂർണ്ണമായി. ലൈഫ് പദ്ധതിയിൽ അനുവദിച്ച 4ലക്ഷം രൂപയിൽ ഗഡുക്കളായി ലഭിച്ച 3 ലക്ഷം രൂപ മുടക്കി വീടിന്റെ ഷെയ്ഡ് വരെയുള്ള ഭാഗങ്ങൾ പണിതു. ശേഷിച്ച ഒരു ലക്ഷം രൂപ വീടിന്റെ പണി പൂർത്തീകരിച്ചെങ്കിൽ മാത്രമേ ലഭിക്കുകയുള്ളൂ. ഇവരുടെ വീട്ടിലേക്കുള്ള വഴി, വാഹനങ്ങൾ കടന്നു പോകാത്തത്ര ഇടുങ്ങിയതായതിനാൽ കെട്ടിട നിർമ്മാണത്തിനാവശ്യമായ സാമഗ്രികൾ എത്തിക്കണമെങ്കിൽ നല്ലൊരുതുക ചെലവാകും. കൂലിപ്പണിക്കാരനായ മകന് കിട്ടുന്ന തുച്ഛമായ വരുമാനവും നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹായവുമാണ് ഓമനയ്ക്കും കുടുംബത്തിനും നിത്യചെലവിനും മരുന്നിനുമുള്ള മാർഗം.

കോൺക്രീറ്റ് കഴിഞ്ഞു

നിരാലംബരായ ഈ കുടുംബത്തിന്റെ ദുരിതാവസ്ഥ അറിഞ്ഞ വാർഡ് മെമ്പർ സലിം പടിപ്പുരക്കൽ പ്രസിഡന്റായുള്ള മാന്നാർ കുരട്ടിക്കാട് കെ.ആർ.സി വായനശാല ഇവരുടെ വീട് നിർമ്മാണം പൂർത്തീകരിക്കാനായി മുന്നിട്ടിറങ്ങുകയായിരുന്നു. സലിം പടിപ്പുരക്കലിന്റെയും വായനശാല സെക്രട്ടറി സുരേഷ് കുമാറിന്റെയും നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്തോടെ വീടുപണിക്ക് ആവശ്യമായ തുക കണ്ടെത്തി. മേൽക്കൂരയുടെ കോൺക്രീറ്റ് ഞായറാഴ്ച നടത്തി. സലിം പടിപ്പുരയ്ക്കലിനോടൊപ്പം, സുരേഷ് കുമാർ കെ.എ, രഞ്ജിത് കെ.ആർ, അനന്തകൃഷ്ണൻ, രതീഷ് കുമാർ, ശ്രീനി, മഹേഷ്, കുമാർ, രഞ്ജിത്, ഹനീഫ, ഇസ്മയിൽ, രാജൻ, റഹ്മത്ത്, അഖിൽ, മുരുകൻ പി.ആർ, ഗണപതി, അജി എന്നിവരും പ്രവർത്തനങ്ങളിൽ ശ്രമദാനവുമായി രംഗത്തെത്തി.

എത്രയും പെട്ടെന്ന് സർക്കാരിൽ നിന്നും ലഭിക്കുവാനുള്ള ബാക്കി തുക കൂടി സമാഹരിച്ച് വീടിന്റെ നിർമ്മാണം പൂർത്തീകരിച്ച് ഓമനക്കും കുടുംബത്തിനും കൈമാറും

- സലിം പടിപ്പുരയ്ക്കൽ