കാവാലം: ബെറ്റാതലാസീമിയ രോഗം ബാധിച്ച കാവാലം സ്വദേശിയായ മൂന്നു വയസുകാരന്റെ മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി അഞ്ചു മണിക്കൂർ കൊണ്ട് സമാഹരിച്ചത് 20,16,035 രൂപ രൂപ. കാവാലം ഗ്രാമ പഞ്ചായത്ത് പരിധിയിലെ 13 വാർഡുകളിലായി ഇന്നലെ രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് രണ്ടു വരെ ഒരേ സമയത്തായിരുന്നു ധനസമാഹരണം . കാവാലം പഞ്ചായത്ത് 13-ാം വാർഡ് ചോതിരത്തിൽ വീട്ടിൽ ബീനീഷ് - സൂര്യ ദമ്പതികളുടെ മകൻ ഹരിനാരായണനുവേണ്ടി കാവാലം ഗ്രാമപഞ്ചായത്തിന്റെയും പ്രത്യാശ ചങ്ങനാശേരിയുടെയും ആഭിമുഖ്യത്തിൽ രൂപീകരിച്ച കാവാലം-കുന്നുമ്മ ജീവൻ രക്ഷാസമിതിയുടെ നേതൃത്വത്തിൽ കാരുണ്യത്തിന്റെ സ്നേഹ സ്പർശം എന്ന പേരിലായിരുന്നു ധനസമാഹരണ യജ്ഞം. പ്രത്യാശ ഡയറക്ടർ ഫാ. സെബാസ്റ്റിയൻ പുന്നശേരി, കാവാലം പഞ്ചായത്ത് പ്രസിഡന്റ് പി.ജെ. ജോഷി, ജനറൽ കൺവീനർ എം.എ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി. എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ മൂന്നു ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി ഭാരവാഹികൾ അറിയിച്ചു.