ആലപ്പുഴ : തുടർച്ചയായ നാല് വിജയങ്ങൾക്ക് പിന്നാലെ, ഡബിൾ ഹാട്രിക് നേട്ടത്തിലേക്ക് ഒരു പടികൂടി അടുക്കാൻ അരയും തലയും മുറുക്കി ഇത്തവണ നെഹ്റു ട്രോഫി ജലമേളയിലേക്കെത്തുകയാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്. ജലരാജാക്കൻമാരിലെ റെക്കാഡ് വിജയി കാരിച്ചാൽ ചുണ്ടനിലാണ് ക്ളബ് നയമ്പെറിയുക.

ആഗസ്റ്റ് രണ്ടാം ശനിയാഴ്ച പുന്നമടക്കായലിൽ നടക്കുന്ന നെഹ്റു ട്രോഫി ജലോത്സവം ലക്ഷ്യമിട്ട് കാലേകൂട്ടി പരിശീലനം ആരംഭിച്ച മുൻനിര ടീമുകളിലൊന്നാണ് പി.ബി.സി. ക്യാമ്പ് ആരംഭിച്ചിട്ട് പതിനൊന്ന് ദിവസങ്ങൾ പിന്നിട്ടു. ചുരുങ്ങിയത് 45 ദിവസത്തെ ട്രയലാണ് ടീം നടത്തുക. മത്സരത്തിനിറങ്ങുന്ന അതേ വള്ളത്തിലായിരുന്നു ഇന്നലത്തെ പരിശീലനം.

ആലപ്പുഴക്കാരായ 130പേരെ കോർത്തിണക്കിയാണ് ഇക്കൊല്ലത്തെ ടീം ഒരുക്കിയിരിക്കുന്നത്. ഇതിൽ 110 പേർ മത്സരത്തിനിറങ്ങും. ഇരുപത് പേർ സർവ്വസജ്ജരായി എപ്പോഴും ഒപ്പമുണ്ടാകും. 19 മേഖലകളിലെ 1300 ഓളം പ്രവർത്തകരാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ അണിയറയിലുള്ളത്. ഓരോ ദിവസത്തെയും ട്രയലിന്റെ ഭക്ഷണക്രമീകരണം ഉൾപ്പടെ ഓരോ മേഖലാ പ്രവർത്തകരാണ് ഏറ്റെടുത്തിരിക്കുന്നത്. പള്ളാത്തുരുത്തി പള്ളി കേന്ദ്രീകരിച്ചാണ് ക്യാമ്പ്.

ലക്ഷ്യം ഡബിൾ ഹാട്രിക്

 1971ൽ ആലപ്പുഴ നഗരസഭയുടെ മൂന്ന് വാർഡുകാരുടെയും പള്ളാത്തുരുത്തി പാലം മുതൽ വേമ്പനാട് കായൽ വരെ ഇരുകരകളിലായി താമസിക്കുന്നവരുടെയും കൂട്ടായ്മയിൽ പിറന്നതാണ് പി.ബി.സി എന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബ്

1988ൽ വെള്ളംകുളങ്ങര ചുണ്ടനിലായിരുന്നു ആദ്യവിജയം. 98ൽ ചമ്പക്കുളത്തിൽ നേടിയ വിജയത്തിന് ശേഷം ക്ലബ്ബ് തിരിച്ചെത്തിയത് 2018ൽ പായിപ്പാടിൽ വിജയകിരീടം സ്വന്തമാക്കിക്കൊണ്ടാണ്

 2019ൽ നടുഭാഗം ചുണ്ടനിലും, 2022ൽ മഹാദേവികാട് കാട്ടിൽതെക്കേതിലും വിജയിച്ച് (2020,2021 വർഷങ്ങളിൽ മത്സരം നടന്നില്ല) ഹാട്രിക് നേടി

കഴിഞ്ഞ തവണ വീയപുരം ചുണ്ടനിൽ വിജയം കൊയ്തു. ഇത്തവണയും അടുത്ത തവണയും വിജയിച്ച് ഡബിൾ ഹാട്രിക്കാണ് ലക്ഷ്യം. അലൻ, ഏയ്ഡൻ കോശി അലൻ എന്നിവരാണ് ഇത്തവണയും ക്യാപ്ടൻമാർ

ക്യാമ്പും ട്രയലും

 രാവിലെ 6 മുതൽ 9.30 വരെ കായികപരിശീലനം

 തുടർന്ന് ഡയറ്റ് പ്രകാരം പ്രഭാത ഭക്ഷണം

 ഉച്ചഭക്ഷണത്തിന് ശേഷം 4മണി മുതൽ തുഴച്ചിൽ പരിശീലനം

(മത്സരിക്കുന്ന ചുണ്ടനിൽ ഒരു മണിക്കൂർ പരിശീലിക്കും)

പരിശീലന ചിലവ് : 1.15 കോടി രൂപ

വിജയത്തിൽ കുറഞ്ഞതൊന്നും മുന്നിലില്ല. നാടൊന്നാകെ പി.ബി.സിയുടെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുന്നു

-രാഹുൽ രമേഷ്, മെന്റർ, പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്