ഹരിപ്പാട്: തൃക്കുന്നപ്പുഴ പഞ്ചായത്തിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഊർജിത പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. ആരോഗ്യ പ്രവർത്തകർ 18 ടീമുകളായി തിരിഞ്ഞ് കൊതുകിന്റെ ഊർജിത ഉറവിട നശീകരണ പരിപാടിയും ഫീവർ സർവേയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റിന്റെ നേതൃത്വത്തിൽ അവലോകനയോഗം നടത്തി കൊതുകിന്റെ സാന്ദ്രത വിലയിരുത്തി. ഡി.വി.സി യൂണിറ്റിന്റെയും പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ ഫോഗിംഗ് സംഘടിപ്പിച്ചു. പ്രവർത്തനങ്ങൾ രണ്ടാഴ്ചത്തോളം തുടർച്ചയായി ചെയ്യുവാൻ പഞ്ചായത്ത് കമ്മിറ്റി ആരോഗ്യ പ്രവർത്തകരെ ചുമതലപ്പെടുത്തി.