shilafalakangal

മാന്നാർ: 1995 -2000ൽ ദേവരാജൻനായർ പ്രസിഡന്റായിരുന്നപ്പോൾ മാന്നാർ ഗ്രാമപഞ്ചായത്ത് ഓഫീസിനോടനുബന്ധിച്ച് നിർമ്മിച്ച കോൺഫറൻസ് ഹാൾ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.സുജാത ഉദ്ഘാടനം ചെയ്തതുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ശിലാഫലകം ഇളക്കിമാറ്റാനുള്ള നീക്കത്തിനെതിരെ യു.ഡി.എഫ് രംഗത്തെത്തി. ഇപ്പോഴത്തെ എൽ.ഡി.എഫ് ഭരണസമിതി 2021- 23 വാർഷികപദ്ധതിയിൽപ്പെടുത്തി നവീകരിച്ച ഫ്രണ്ട് ഓഫീസിന്റെ ശിലാഫലകം തത്‌സ്ഥാനത്ത് സ്ഥാപിക്കാനാണ് ശ്രമമെന്നും യു.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് സുജിത്ത് ശ്രീരംഗം ആരോപിച്ചു.

ഒരു വർഷത്തിനു മുമ്പ് നാലരലക്ഷം രൂപ മുടക്കി അറ്റകുറ്റപ്പണി നടത്തിയ ഫ്രണ്ട് ഓഫീസിന്റെ ഉദ്ഘാടനചടങ്ങിന്റെ ശിലാഫലകം സ്ഥാപിക്കുന്നത് അല്പത്തരം ആണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകുമെന്ന് ഗ്രാമപഞ്ചായത്തംഗങ്ങളായ അജിത്ത് പഴവൂർ, മധു പുഴയോരം, വത്സല ബാലകൃഷ്ണൻ, രാധാമണി ശശീന്ദ്രൻ, ടി.സി പുഷ്പലത, വി.കെ ഉണ്ണികൃഷ്ണൻ, ഷൈന നവാസ് എന്നിവരും പറഞ്ഞു.

മാറ്റി സ്ഥാപിക്കുന്നത് കാണാവുന്നിടത്തേക്ക്

ദേവരാജൻ നായർ പ്രസിഡന്റായിരുന്നപ്പോഴുള്ള ശിലാഫലകം നീക്കംചെയ്യാൻ ആരും ശ്രമിച്ചിട്ടില്ലെന്നും പുതിയ ഫ്രണ്ട് ഓഫീസ് നിർമ്മിച്ചപ്പോൾ,ഫലകം മറഞ്ഞു പോയതിനാൽ കൂടുതൽ സൗകര്യപ്രദമായ ഇടത്തേക്ക് മാറ്റി സ്ഥാപിക്കാനുമാണ് ഇളക്കി മാറ്റിയതെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരിയും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് വി.ആർ.ശിവപ്രസാദും അറിയിച്ചു. വാതിലുകൾ മാറിയപ്പോൾ അകത്ത് നിന്ന് മാത്രമേ ശിലാഫലകം കാണാൻ കഴിയുകയുള്ളൂ എന്നതിനാൽ ഫ്രണ്ട് ഓഫീസിന്റെ ശിലാഫലകം സ്ഥാപിക്കുന്നതിനോടൊപ്പം ഇതും മാറ്റിസ്ഥാപിക്കാനായിരുന്നു തീരുമാനം.

ഫ്രണ്ട് ഓഫീസിന്റെ ശിലാഫലകം കഴിഞ്ഞദിവസം കരാറുകാരൻ കൊണ്ടുവന്നപ്പോൾ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം എത്തി. പെരുമാറ്റച്ചട്ടം നീങ്ങിയിട്ടേ ഇനി സ്ഥാപിക്കാൻ കഴിയുകയുള്ളൂ. കാര്യങ്ങൾ അറിയാതെയുള്ള പ്രതിപക്ഷത്തിന്റെ പ്രസ്താവനകൾ അപഹാസ്യമാണ്

- ടി.വി.രത്നകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്

ശിലാഫലകം മാറ്റുന്നത് ദേവരാജൻനായരെപ്പോലുള്ള മുൻ പ്രസിഡന്റിനോട് കാണിക്കുന്ന അനാദരവാണ്

- സുജിത്ത് ശ്രീരംഗം, യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ