ആലപ്പുഴ : കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെ പൊലീസിനെ വെട്ടിച്ച് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട പ്രതിയെ പറവൂരിലെ പണിതീരാത്ത വീട്ടിൽ നിന്ന് പുന്നപ്ര പൊലീസ് പിടികൂടി. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ തിരുവല്ല നെടുംപുറം കണ്ണാറച്ചിറ വീട്ടിൽ വിഷ്ണു ഉല്ലാസാണ് (29) പിടിയിലായത്. കഴിഞ്ഞ 4നാണ് സുരക്ഷക്കായി നിയോഗിച്ച രണ്ടു പൊലീസുകാരെ വെട്ടിച്ച് റെയിൽവേ സ്റ്റേഷനിലെ ടോയ്ലറ്റിന്റെ ജനൽകമ്പി ഇളക്കി മാറ്റി ഇയാൾ രക്ഷപ്പെട്ടത്.
പറവൂർ ജംഗ്ഷന് സമീപത്തെ വില്ലേജ് ഓഫീസിന് വടക്കുഭാഗത്തെ കെട്ടിടത്തിൽ വിലങ്ങുമായി ഒരാളെ കണ്ടെന്ന വിവരം അയൽവാസികൾ അറിയിച്ചതനുസരിച്ച് പുന്നപ്ര എസ്.ഐ ആനന്ദിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി നടത്തിയ പരിശോധനയിൽ വീടിന്റെ ടെറസിൽ ഉറങ്ങിക്കിടക്കുകയായിരുന്ന വിഷ്ണു ഉല്ലാസിനെ പിടികൂടുകയായിരുന്നു. ഇയാളെ പിന്നീട് ആലപ്പുഴ സൗത്ത് പൊലീസിന് കൈമാറി.
വിശന്നു, പിടിയിലായി
നാല് ദിവസമായി ഭക്ഷണമില്ലാതെ കിടന്ന പ്രതി കലശലായ വിശപ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ പകൽ ഒന്നിലധികം തവണ വീടിന്റെ ടെറസിൽ എഴുന്നേറ്റു നിന്നു. പ്രദേശത്തുള്ള സ്ത്രീകളാണ് അപരിചിതനായ ആളെ കണ്ടവിവരം പുറം ലോകത്തെ അറിയിച്ചത്. പ്രദേശവുമായി നല്ല പരിചയുള്ളതിനാലാണ് ആലപ്പുഴയിൽ നിന്ന് നടന്ന് പറവൂരിൽ എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞവർഷം ജനുവരി 26ന് മാവേലിക്കര ജയിലിൽനിന്ന് മതിൽചാടി ഇയാൾ രക്ഷപ്പെട്ടിരുന്നു. അന്ന് ചങ്ങനാശ്ശേരിയിൽനിന്നാണ് പിടികൂടിയത്. മറ്റൊരുകേസിൽ കായംകുളത്ത് തെളിവെടുപ്പിന് എത്തിച്ചപ്പോഴും പൊലീസിനെ കബളിപ്പിച്ച രക്ഷപ്പെട്ട ഇയാളെ പിന്നീട് പിടികൂടുകയായിരുന്നു.