ആലപ്പുഴ: പൂച്ചാക്കലിൽ 19 വയസുകാരിയായ ദളിത് യുവതിക്ക് നടുറോഡിൽ മർദ്ദനം ഏൽക്കേണ്ടി വന്ന സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായതായി കെ.സി.വേണുഗോപാൽ എം.പി ആരോപി​ച്ചു. രണ്ട് ഇളയ സഹോദരങ്ങളെ മർദ്ദിച്ചതിനെ തുടർന്ന് യുവതി പൊലീസിന് നൽകിയ പരാതിയിൽ ആദ്യമേ നിയമനടപടി സ്വീകരിച്ചിരുന്നെങ്കിൽ യുവതിക്കെതിരായ അതിക്രമം ഉണ്ടാകില്ലായിരുന്നു.പ്രതികൾക്കുള്ള സി.പി.എം ബന്ധവും സ്വാധീനവും കാരണമാണ് പൊലീസ് നടപടി എടുക്കാതിരുന്നതെന്ന് ആക്ഷേപമുണ്ട്. കൃത്യസമയത്ത് നപടിയെടുക്കാത്ത പൊലീസിന്റെ സമീപനം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കെ.സി.വേണുഗോപാൽ ആവശ്യപ്പെട്ടു.