ആലപ്പുഴ : ഓണത്തിന് പൂക്കളം ഒരുക്കുന്നതിന് പൂക്കളിൽ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് കൃഷിവകുപ്പും ആലപ്പുഴ നഗരസഭയും പൂന്തോട്ടം പദ്ധതി നടപ്പാക്കും. 52വാർഡുകളിലുമായി 1.35ലക്ഷം ഹൈബ്രീഡ് ഇനത്തിലുള്ള ബന്ദിത്തൈകൾ വിതരണം ചെയ്തു. ഓരോ വാർഡിലും 2,500വീതം. 11ഹെക്ടർ സ്ഥലത്താണ് വിവിധ വാർഡുകളിലായി ബന്ദി നടുക. ഒരു ഹെക്ടറിൽ 8മുതൽ 12ടൺ വരെ പൂക്കളാണ് ലക്ഷ്യം.

തൈ ഒന്നിന് 3രൂപ നിരക്കിൽ വാങ്ങി സൗജന്യമായി വാർഡുകളിൽ നൽകുകയായിരുന്നു. എല്ലാവാർഡുകളിലും കൗൺസിലറുടെയും കർഷകകൂട്ടായ്മയുടെയും നേതൃത്വത്തിൽ പൂക്കളും പച്ചക്കറികളും കൃഷി ചെയ്യുന്നുണ്ട്. പച്ചക്കറി തൈകൾക്ക് ഇടവിള കൃഷിയായാണ് ബന്ദികൃഷി.

നാട്ടുപൂക്കളാൽ അത്തമിടാം

1.നഗരസഭയിലെ അരലക്ഷം കുടുംബങ്ങൾക്കും അത്തപ്പൂക്കളം ഒരുക്കാൻ സ്വയംപര്യാപ്തത ലക്ഷ്യമിട്ടാണ് പദ്ധതി

2.അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കൾ ഒഴിവാക്കുകയാണ് നഗരസഭ ഉദ്ദേശിക്കുന്നത്

3.തമിഴ് നാട് ലോബികളുടെ പൂ അകറ്റി നിർത്താനാകും. സാമ്പത്തിക ലാഭവും ഉണ്ടാകും

4.ഓണക്കാലത്തെ കച്ചവടത്തിൽ കണ്ണുവച്ചിരിക്കുന്ന കച്ചവടക്കാർക്ക് തിരിച്ചടിയാകും

നഗരസഭയിൽ വാർഡുകൾ :52

ബന്ദി തൈ വിതരണം

 ആകെ : 1.35ലക്ഷം

 ഒരുവാർഡിൽ : 2,500

 കൃഷിഭവൻ നേരിട്ട്: 5000

 ഒരു തൈയുടെ വില :3രൂപ

കൃഷി ചെയ്യുന്നത്

11ഹെക്ടറിൽ

പ്രതീക്ഷിക്കുന്ന വിളവ്

8മുതൽ 12വരെ ടൺ (ഹെക്ടറിന് )

മന്ത്രി പി.പ്രസാദ് മുൻകൈയെടുത്ത് സംസ്ഥാനത്ത് ആദ്യമായിട്ടാണ് കൃഷി വകുപ്പ് നേരിട്ട് ബന്ദി തൈകൾ വതിരണം ചെയ്യുന്നത്. സൗജന്യമായി മൂന്ന് രൂപ വിലയുള്ള തൈകളാണ് വിതരണം നടത്തുന്നത്.

- കൃഷി ഓഫീസർ, മുല്ലയ്ക്കൽ