vishnu

ആലപ്പുഴ: ടെസ്റ്റ് റൈഡിനായി ഉടമസ്ഥന്റെ കൈയ്യിൽ നിന്ന് സ്‌കൂട്ടർ വാങ്ങി തിരികെ കൊണ്ടുവരാതെ ഓടിച്ചു പോയി മോഷണം നടത്തിയയാൾ പിടിയിൽ. തൃക്കൊടിത്താനം മുറിയിൽ വിഷ്ണുഭവനത്തിൽ വിഷ്ണു (31) വിനെയാണ് കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്‌കൂട്ടർ വിൽക്കുവാനുണ്ടെന്ന് ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ട് സ്‌കൂട്ടർ വാങ്ങാനെന്ന വിധത്തിൽ വ്യാജ വാട്‌സപ്പ് നമ്പർ മുഖേന ബന്ധപ്പെട്ട വിഷ്ണു, മുള്ളിക്കുളങ്ങര ഉമ്പർനാട് സ്വദേശിയുടെ വീട്ടിലെത്തി വാഹനം ഓടിച്ചു നോക്കാനായി വാങ്ങി ഓടിച്ചു പോവുകയായിരുന്നു. പ്രതി കൊല്ലം, ആലപ്പുഴ എറണാകുളം ,തിരുവനന്തപുരം ജില്ലകളിൽ സമാന രീതിയിൽ കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ളതായി സംശയിക്കുന്നു. ചെങ്ങന്നൂർ ഡിവൈ.എസ്.പി എൻ.കെ.രാജേഷിന്റെ മേൽനോട്ടത്തിൽ കുറത്തികാട് പൊലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്. ഒ രാജഗോപാൽ.ബി, എസ്.ഐ സി.വി.ബിജു, എ.എസ്.ഐമാരായ രാജേഷ്.ആർ.നായർ, രജീന്ദ്രദാസ്, സീനിയർ സി.പി.ഒ ശ്യാം കുമാർ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.