1

കുട്ടനാട്: രാമങ്കരി പഞ്ചായത്ത് പതിമൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ നേർക്കുനേർ പോരാടാനൊരുങ്ങി അച്ഛനും മകനും. വേഴപ്ര അമൃത വിലാസത്തിൽ വി.എ.ബാലകൃഷ്ണൻ

കൈപ്പത്തി ചിഹ്നത്തിലും മകൻ സരിൻ അരിവാൾ ചുറ്റിക നക്ഷത്ര അടയാളത്തിലുമാണ് തിരഞ്ഞെടുപ്പ് ഗോദയിൽ കൊമ്പുകോർക്കുന്നത്. ബാലകൃഷ്ണൻ ഇത് മൂന്നാംതവണയാണ് ഇവിടെ ജനവിധി തേടുന്നത്. നേരത്തെ ഒരുതവണ സ്വതന്ത്രനായും കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥിയുമായിരുന്നു. കഴിഞ്ഞ പ്രാവശ്യം സി.പി.എം സ്ഥാനാർത്ഥിയായ ആർ.രാജേന്ദ്രകുമാറിനോട് വെറും 29 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ആർ.രാജേന്ദ്രകുമാർ പിന്നീട് പഞ്ചായത്ത് പ്രസിഡന്റായി. ഇക്കുറി മകനുമായി നേരിട്ട് ഏറ്റുമുട്ടാൻ തയ്യാറെടുക്കുമ്പോഴും ബാലകൃഷ്ണൻ ശുഭ പ്രതീക്ഷയിലാണ്.

ഇവരെക്കൂടാതെ ബി.ജെ.പി, എസ്.യു.സി.ഐ സ്ഥാനാർത്ഥികളും രംഗത്തുണ്ട്. ബി. ജെ. പി സ്ഥാനാർത്ഥിയായി പള്ളിക്കുട്ടുമ്മ തുരുത്തേൽ ശുഭപ്രഭയും എസ്.യു.സി.ഐ സ്ഥാനാർത്ഥിയായി പള്ളിക്കുട്ടുമ്മ ജി.ആർ.അനിലും കൂടി കളം നിറയുന്നതോടെ മത്സരം

തീ പാറുമെന്ന് ഉറപ്പാണ്.

സി.പി.എമ്മിലെ ചേരിപ്പോര് കാരണം പഞ്ചായത്ത് പ്രസിഡന്റായ ആർ.രാജേന്ദ്രകുമാറിനെ തത് സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനായി പാർട്ടിയുടെ പ്രദേശിക നേതൃത്വം കോൺഗ്രസുമായി ചേർന്ന് അവിശ്വാസ പ്രമേയം കൊണ്ടുവരികയും സ്ഥാനം നഷ്ടമായ അദ്ദേഹം മെമ്പർ സ്ഥാനം കൂടി രാജിവയ്ക്കുകയുമായിരുന്നു.ഇതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള സമയം നാളെ അവസാനിക്കും. യു.ഡി.എഫ്, ബി.ജെ. പി, എസ്.യു.സി.ഐ സ്ഥാനാർത്ഥികൾ ഇന്ന് രാവിലെ 11മണിയോടെ ഓടെ പത്രിക സമർപ്പിക്കും. എൽ.ഡി.എഫ് സ്ഥാനാർത്ഥി കഴിഞ്ഞ ദിവസം പത്രിക നൽകിയിരുന്നു.