മാന്നാർ : ചെന്നിത്തല ഇരമത്തൂർ പായിക്കാട്ട് മീനത്തേതിൽ കലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള അന്വേഷണം നിക്ഷ്പക്ഷമാണെന്ന് പറയാൻ കഴിയില്ലെന്നും രാഷ്ട്രീയ ഇടപെടലുകൾ നടക്കുന്നതായി സംശയിക്കുന്നെന്നും കൊടിക്കുന്നിൽ പറഞ്ഞു. കൊല്ലപ്പെട്ട കലയുടെ ഇരമത്തൂരിലെ വസതിയിൽ ഇന്നലെ എത്തിയപ്പോഴാണ് കൊടിക്കുന്നിൽ തന്റെ ആശങ്ക പങ്കുവെച്ചത്. 15ന് നടക്കുന്ന എം.പിമാരുടെ യോഗത്തിൽ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ആവശ്യം അറിയിക്കുമെന്നും കൊടിക്കുന്നിൽ പറഞ്ഞു. മാന്നാർ ബ്ലോക്ക് ിൗൺഗ്രസ് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ്കുട്ടി കടവിൽ, പുഷ്പശശികുമാർ, നിഷസോജൻ, കെ.സി.പുഷ്പലത, രഘുനാഥ് പാർത്ഥസാരഥി, ബിനു സി.വർഗീസ്, പ്രസാദ് വാഴക്കൂട്ടത്തിൽ, തമ്പി ഇരമത്തൂർ തുടങ്ങിയവരും എം.പിയോടൊപ്പം ഉണ്ടായിരുന്നു.